സൗദി ഹജ്ജ്, ഉംറ മന്ത്രിക്ക് മലേഷ്യൻ പുരസ്‌കാരം

  1. Home
  2. Global Malayali

സൗദി ഹജ്ജ്, ഉംറ മന്ത്രിക്ക് മലേഷ്യൻ പുരസ്‌കാരം

.


സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅക്ക് മലേഷ്യൻ ഗവൺമെൻറിന്റെ പുരസ്‌കാരം. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ പുതിയ ഹിജ്റ വർഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ 'ഹിജ്‌റ പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ' മെഡൽ സമ്മാനിച്ചു. ഹജ്ജ്, ഉംറ സംവിധാനം വികസിപ്പിക്കുന്നതിലും തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്കും നൽകുന്ന സംഭാവനകൾക്കുമുള്ള അംഗീകാരമാണ് ഈ അവാർഡ്.മലേഷ്യൻ രാജാവ് ഇബ്രാഹിം ബിൻ ഇസ്‌കന്ദറിശന്റെ കൈകളിൽനിന്ന് ഡോ. തൗഫീഖ് അൽ റബീഅ അവാർഡ് ഏറ്റുവാങ്ങി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് നഇം ബിൻ ഹാജി മുഖ്താർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സമൂഹങ്ങളെ സേവിക്കുന്നതിനും ഉദാത്തമായ ഇസ്‌ലാമിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ സംഭാവനകളെ മാനിച്ച് മലേഷ്യക്കുള്ളിലും പുറത്തുംനിന്ന് ഓരോ വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്ത് വർഷം തോറും നൽകുന്നതാണ് ഈ അവാർഡ്.മലേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക അവാർഡുകളിൽ ഒന്നാണിത്. ഹിജ്‌റ വാർഷികത്തോടനുബന്ധിച്ച് സമൂഹങ്ങളിൽ പ്രത്യേകിച്ച് ഇസ്‌ലാമിനെ സേവിക്കുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തിയവരെ ആദരിക്കുന്നതിനാണ് ഇത് നൽകുന്നത്. സൗദി 'വിഷൻ 2030'ന്റെ ചട്ടക്കൂടിനുള്ളിൽ ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് ഹജ്ജ്, ഉംറ കർമങ്ങൾ സുഗമമാക്കുന്നതിനും ഇസ്‌ലാമിക ലോകത്ത് മാനവികതക്കും നാഗരികതക്കും ഒരു പ്രകാശ സ്രോതസ്സായും സംഗമസ്ഥലമായും മക്കയുടെയും മദീനയുടെയും പദവി ഉയർത്തുന്നതിനും സൗദി നടത്തുന്ന അക്ഷീണ പരിശ്രമങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഹജ്ജ് മന്ത്രിക്ക് ലഭിച്ച ഈ ആദരം.