യുഎഇയിൽ വരുംദിവസങ്ങളിൽ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; താപനില ഉയർന്നേക്കും

  1. Home
  2. Global Malayali

യുഎഇയിൽ വരുംദിവസങ്ങളിൽ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; താപനില ഉയർന്നേക്കും

UAE


വരുംദിവസങ്ങളിൽ യുഎഇയിൽ പൊതുവെ വരണ്ടതും കടുത്ത ചൂടുള്ളതുമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും കിഴക്കൻ മേഖലകളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ദിശകളിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റിനാണ് സാധ്യത. എന്നാൽ ചില സമയങ്ങളിൽ കാറ്റ് ശക്തമാകാൻ ഇടയുണ്ട്. ഉച്ചയോടെ അറബിക്കടൽ പ്രക്ഷുബ്ധമാകുമെന്നും ഒമാൻ കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തീരദേശങ്ങളിലും ദ്വീപുകളിലും 36 മുതൽ 42 ഡിഗ്രി വരെയും മലയോര മേഖലകളിൽ 32 മുതൽ 38 ഡിഗ്രി വരെയും താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

വരും ദിവസങ്ങളിൽ കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തിൽ പൊടിയും മണലും നിറയാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.