ഷാർജ സി.എസ്.ഐ പാരിഷിന്റെ ജീവകാരുണ്യ പദ്ധതി 'കനിവ് 2026' മേയ് 29-ന്

  1. Home
  2. Global Malayali

ഷാർജ സി.എസ്.ഐ പാരിഷിന്റെ ജീവകാരുണ്യ പദ്ധതി 'കനിവ് 2026' മേയ് 29-ന്

csi parish


ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നിർധനരായ രോഗികളെ സഹായിക്കുന്നതിനായി നടത്തുന്ന 'കനിവ് 2026' ജീവകാരുണ്യ പദ്ധതി മേയ് 29-ന് നടക്കും. ഗുരുതരമായ വൃക്കരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണ് ഈ വർഷത്തെ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. മേയ് 29-ന് വൈകിട്ട് 6.30-ന് ഷാർജ സി.എസ്.ഐ പാരിഷിലാണ് ചടങ്ങുകൾ നടക്കുക.

പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി വൃക്കരോഗ ബോധവൽക്കരണ ക്ലാസ്സ് ഒരുക്കിയിട്ടുണ്ട്. ദുബായ് ഹെൽത്തിലെ പ്രഗത്ഭ നെഫ്രോളജിസ്റ്റ് ഡോ. ധന്യ മോഹൻ ഈ സെഷന് നേതൃത്വം നൽകും. രോഗപ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ആധുനിക ചികിത്സകളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിക്കും.

250 ഗായകർ അണിനിരക്കുന്ന സംഗീത വിരുന്ന്

'കനിവ് 2026'-ന്റെ ഭാഗമായി യു.എ.ഇയിലെ പ്രമുഖ ക്രിസ്തീയ ഗായകസംഘമായ 'ജോയ്ഫുൾ സിംഗേഴ്സ് യു.എ.ഇ', 'വൈ.എം.സി.എ ക്വയർ ബഹ്റൈൻ' എന്നിവർ സംയുക്തമായി അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നടക്കും. ഇരു സംഘങ്ങളിൽ നിന്നുമായി ഇരുനൂറ്റമ്പതോളം ഗായകർ ഒരേ വേദിയിൽ അണിനിരക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. ചടങ്ങിൽ എൻ.ടി.വി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാത്തുകുട്ടി കടോൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഇടവക വികാരി റവ. ജേക്കബ് ജോർജ്, അൽമായ ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് ബിജു തോമസ് ഓവനാലിൽ, സെക്രട്ടറി അജീഷ് പി ചെറിയാൻ, കൺവീനർമാരായ എബി തഴീകയിൽ, ജോസഫ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഈ കാരുണ്യ സായാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 055 2231402 എന്ന നമ്പറിൽ ബന്ധപ്പെടാം.