ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം; പരുക്കേറ്റ ഇന്ത്യക്കാർക്ക് യുഎഇയിൽ മികച്ച ചികിത്സ
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കുനേരെയുണ്ടായ മിസൈലാക്രമണത്തിൽ പരുക്കേറ്റ് യുഎഇയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ നാവികരെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ സന്ദർശിച്ചു. ദുരന്തത്തിന്റെ ഞെട്ടലിൽ കഴിയുന്ന ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ട്. രാജ്യാന്തര സമുദ്രപാതയായ ഹോർമുസ് കടലിടുക്കിൽ ഒമാൻ സമുദ്രാതിർത്തിയിലൂടെ കടന്നുപോവുകയായിരുന്ന രണ്ട് വാണിജ്യ കപ്പലുകൾക്കുനേരെ ചൊവ്വാഴ്ചയാണ് ഇറാൻ ക്രൂസ് മിസൈൽ ആക്രമണം നടത്തിയത്.
‘എംടി മൊംബാസ’, ‘എംടി അൽ ബാഹിയ’ എന്നീ കപ്പലുകൾക്കുനേരെയായിരുന്നു ആക്രമണം. കപ്പലുകൾക്ക് ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയും തീപിടിക്കുകയും ചെയ്ത ദുരന്തത്തിൽ ‘എംടി മൊംബാസ’യിലെ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു.
