സംസ്ഥാന ബജറ്റ് വികസനോന്മുഖം; പ്രവാസി പ്രഖ്യാപനങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന് ഐ.സി.എഫ്

  1. Home
  2. Global Malayali

സംസ്ഥാന ബജറ്റ് വികസനോന്മുഖം; പ്രവാസി പ്രഖ്യാപനങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന് ഐ.സി.എഫ്

v d


കേരള സർക്കാരിന്റെ 2026-27 സംസ്ഥാന ബജറ്റ് സാമൂഹിക ക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകുന്നതാണെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) യുഎഇ നാഷണൽ ഘടകം വിലയിരുത്തി. എന്നാൽ, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിനായുള്ള പദ്ധതികളിൽ കൂടുതൽ വ്യക്തതയും വിപുലീകരണവും ആവശ്യമായിരുന്നുവെന്ന് സംഘടന അഭിപ്രായപ്പെട്ടു. ഗൾഫ് മലയാളി പ്രവാസികളുടെ അധ്വാനവും വിദേശനാണ്യ വരുമാനവും കേരളത്തിന്റെ വികസനത്തിന് ദീർഘകാലമായി നൽകുന്ന സംഭാവനകൾ കണക്കിലെടുത്ത്, പ്രവാസി പുനരധിവാസത്തിനും നിക്ഷേപങ്ങൾക്കും ബജറ്റിൽ കൂടുതൽ പ്രാധാന്യം നൽകണമായിരുന്നുവെന്ന് ഐ.സി.എഫ് ചൂണ്ടിക്കാട്ടി.

തിരിച്ചെത്തുന്ന പ്രവാസികൾക്കായുള്ള തൊഴിൽ-സംരംഭകത്വ പാക്കേജുകൾ, കുടുംബങ്ങളുടെ സാമൂഹിക സുരക്ഷ, ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങളുടെ ശക്തീകരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകേണ്ടിയിരുന്നു. മാറുന്ന ആഗോള തൊഴിൽ വിപണിക്ക് അനുസൃതമായി പുതിയ തലമുറയ്ക്കായുള്ള നൈപുണ്യ വികസനത്തിനും ഡിജിറ്റൽ തൊഴിൽ പരിശീലനത്തിനും ദീർഘകാല നയം ബജറ്റിൽ രൂപീകരിക്കേണ്ടതായിരുന്നുവെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, പ്രവാസികൾക്ക് നാട്ടിൽ സുരക്ഷിതമായി വ്യവസായങ്ങൾ ആരംഭിക്കാൻ സിംഗിൾ വിൻഡോ ക്ലിയറൻസോടു കൂടി 'ഇൻവെസ്റ്റ് കേരള സെല്ലും' 'സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോണും' പ്രഖ്യാപിച്ചതിനെ ഐ.സി.എഫ് സ്വാഗതം ചെയ്തു. ഇതിനൊപ്പം ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നൽകിയതും, ഉന്നതവിദ്യാഭ്യാസത്തിനായി പ്രവാസി വിദ്യാർഥികൾ വിദേശങ്ങളിലേക്ക് കുടിയേറുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള 'നോളജ് വാലി' ദൗത്യവും പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്. മടങ്ങിയെത്തുന്ന പ്രവാസികൾക്കും സാധാരണക്കാർക്കും 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന 'ഉമ്മൻ ചാണ്ടി ഹെൽത്ത് ഇൻഷുറൻസ് പദ്ധതി' വലിയൊരു വിഭാഗത്തിന് താങ്ങാകുമെന്നും ഐ.സി.എഫ് അബുദാബിയിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.