തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും; എസ്. ജയശങ്കർ യുഎഇയിൽ
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തി. ഇന്നും നാളെയും (ഏപ്രിൽ 11, 12) ദിവസങ്ങളിൽ യുഎഇയിലുണ്ടാകുന്ന അദ്ദേഹം ഭരണനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.പടിഞ്ഞാറൻ ഏഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യ മന്ത്രിയുടെയും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയുടെയും ഗൾഫ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഊർജ പങ്കാളിത്തം ശക്തമാക്കാനും തടസ്സമില്ലാത്ത ഇന്ധനലഭ്യത ഉറപ്പാക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ ഗൾഫ് രാജ്യങ്ങളിൽ എത്തുന്നത്.
മൗറീഷ്യസ് സന്ദർശനത്തിന് ശേഷമാണ് ജയശങ്കർ അബുദാബിയിലെത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള വിപുലമായ ചർച്ചകൾ നടക്കും. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കായി ഗൾഫ് രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക സുരക്ഷാ വിഷയങ്ങളും ചർച്ചയാകും.
സ്വന്തം ഊർജ സുരക്ഷയ്ക്കൊപ്പം അയൽരാജ്യങ്ങളെ സഹായിക്കുന്ന നിലപാടും ഇന്ത്യ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. രണ്ടാഴ്ച മുൻപ് ശ്രീലങ്കയ്ക്ക് 38 മെട്രിക് ടൺ പെട്രോളിയം ഉൽപന്നങ്ങൾ ഇന്ത്യ നൽകിയിരുന്നു. കൂടാതെ, മൗറീഷ്യസിന് എണ്ണയും വാതകവും വിതരണം ചെയ്യുന്നതിനായുള്ള സർക്കാർ തലത്തിലുള്ള കരാർ ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
