യുഎഇയിൽ വിലക്കയറ്റം തടയാൻ കർശന നിരീക്ഷണം; അവശ്യവസ്തുക്കളുടെ വില പ്രത്യേക സമിതി വിലയിരുത്തും

  1. Home
  2. Global Malayali

യുഎഇയിൽ വിലക്കയറ്റം തടയാൻ കർശന നിരീക്ഷണം; അവശ്യവസ്തുക്കളുടെ വില പ്രത്യേക സമിതി വിലയിരുത്തും

uae


 

അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ക്ഷാമവും ഒഴിവാക്കാൻ വിപണിയിൽ നിരീക്ഷണം ശക്തമാക്കാൻ യുഎഇ. രാജ്യത്തുടനീളമുള്ള റീട്ടെയ്ൽ ശൃംഖല, അവശ്യവസ്തുക്കളുടെ വില, സപ്ലൈ ചെയിൻ എന്നിവ പ്രത്യേക സമിതി വിലയിരുത്തുമെന്നു സാമ്പത്തിക സംയോജന സമിതി യോഗം വ്യക്തമാക്കി.സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമ്പത്തിക മന്ത്രാലയം, സാമ്പത്തിക വികസന വകുപ്പുകൾ, മറ്റ് ദേശീയ ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. അവശ്യവസ്തുക്കളുടെ വിലയും വിപണി പ്രവണതകളും തത്സമയം നിരീക്ഷിക്കുന്ന ഏകീകൃത സംവിധാനമാണ് ഒരുക്കുന്നത്.

രാജ്യത്തെ റീട്ടെയ്ൽ ഔട്‌ലെറ്റുകളിലെ പരിശോധന കൂടുതൽ ശക്തമാക്കുകയും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും വിപണിയിൽ കൃത്രിമ വിലക്കയറ്റമോ വിതരണ തടസ്സമോ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും. അതേസമയം, സാമ്പത്തിക രംഗത്തെ ഡിജിറ്റൽവൽക്കരണത്തിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങൾക്കും സർക്കാർ കൂടുതൽ പ്രാധാന്യം നൽകുമെന്ന് മന്ത്രി അറിയിച്ചു.

ദേശീയ സ്ഥിതിവിവരക്കണക്ക് വികസന പദ്ധതിയും എഐ അധിഷ്ഠിത റഗുലേറ്ററി സംവിധാനവും ഇതിനായി ഉപയോഗിക്കും. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ധനസഹായവും തടയാനുള്ള ദേശീയ നടപടികൾ, ധനകാര്യ ലീസിങ് മേഖലയിലെ പുതിയ നിയന്ത്രണങ്ങൾ, കോർപറേറ്റ് ഗവേണൻസ്, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം എന്നിവയും യോഗം ചർച്ച ചെയ്തു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ അനുകൂലമായ ബിസിനസ് അന്തരീക്ഷം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ നടപടികൾ.