ഇറാനെതിരെ ശക്തമായ സാമ്പത്തിക ഉപരോധം; സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടന്നതായി യുഎഇ
ഇറാനും, അവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കുമെതിരെ അമേരിക്ക ഉപരോധം കടുപ്പിച്ചതോടെ യുദ്ധം 'പുതിയൊരു ഘട്ടത്തിലേക്ക്' കടന്നതായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ശക്തമായ സാമ്പത്തിക സമ്മർദം നിറഞ്ഞതായിരിക്കും ഈ ഘട്ടമെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ അവസാനമായിരിക്കും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അറബ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങൾ തെറ്റായ തന്ത്രപരമായ തീരുമാനമായിരുന്നുവെന്ന് ഗർഗാഷ് വ്യക്തമാക്കി. ഇത് ഇറാന്റെ ഒറ്റപ്പെടൽ വർധിപ്പിക്കാനും അവരുടെ നിലപാട് ദുർബലപ്പെടുത്താനും മാത്രമേ സഹായിച്ചിട്ടുള്ളൂ. യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടലല്ലെന്നും മറിച്ച് സംഘർഷം ലഘൂകരിക്കുന്നതിനും രാഷ്ട്രീയ പരിഹാരത്തിനുമായി അവരുമായി സഹകരിച്ചു പ്രവർത്തിക്കലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മേഖലയുടെ സമാധാനത്തിനും ആഗോള സാമ്പത്തിക സ്ഥിരതയ്ക്കും ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായി തുറന്നുനൽകണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഈ മാസം 18ന് ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും യുഎഇ നിർത്തലാക്കിയിരുന്നു.
