സാങ്കേതിക തകരാർ; ദമ്മാം-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് രാവിലെ 11ന് പുറപ്പെട്ടേക്കും

  1. Home
  2. Global Malayali

സാങ്കേതിക തകരാർ; ദമ്മാം-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് രാവിലെ 11ന് പുറപ്പെട്ടേക്കും

air india express


സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയ ദമ്മാമിൽ നിന്നുള്ള തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സൗദി സമയം ഇന്ന് രാവിലെ 11ന് (ഇന്ത്യൻ സമയം 1.30) പുറപ്പെട്ടേക്കും. ഇന്നലെ പുലർച്ചെ സർവീസ് നടത്തേണ്ടിയിരുന്ന വിമാനത്തിൽ എയർ കണ്ടീഷൻ തകരാർ നേരിട്ടതിനെ തുടർന്നാണ് യാത്ര ഇന്നത്തേക്ക് മാറ്റിവെച്ചത്.

എസി പ്രവർത്തിക്കാത്ത വിമാനത്തിൽ കൊടുംചൂടിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത് കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാരെ കടുത്ത പ്രയാസത്തിലാക്കി. യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് വിമാനക്കമ്പനി താമസസൗകര്യവും ഭക്ഷണവും വിട്ടുനൽകാൻ തയ്യാറായത്. 11 മണിക്ക് വിമാനം പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഉറപ്പില്ലെന്ന ആശങ്കയിലാണ് പ്രവാസികൾ.

ഓണം, സ്കൂൾ തുറക്കൽ തിരക്കുകൾക്കിടയിൽ ഗൾഫ്-കേരള സെക്ടറിൽ വിമാനങ്ങൾ തുടർച്ചയായി വൈകുന്നതും റദ്ദാക്കുന്നതും പതിവാകുകയാണ്. ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും കൃത്യമായ വിവരങ്ങൾ നൽകാനോ സൗകര്യങ്ങളൊരുക്കാനോ കമ്പനികൾ തയ്യാറാകുന്നില്ലെന്ന് പ്രവാസികൾ ആരോപിക്കുന്നു.