യുഎഇയിൽ ഇന്ന് താപനില 50 ഡിഗ്രിയിലേക്ക്

  1. Home
  2. Global Malayali

യുഎഇയിൽ ഇന്ന് താപനില 50 ഡിഗ്രിയിലേക്ക്

Summer Solstice


 

യുഎഇയുടെ ചില ഭാഗങ്ങളിൽ താപനില ഇന്ന് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻഎംസി) മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത വേനൽമഴയ്ക്ക് പിന്നാലെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഇന്ന് ഉച്ചയ്ക്കുശേഷം മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് എൻഎംസി വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുക. ഇവിടെ താപനില 45 നും 50 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. തീരദേശങ്ങളിലും ദ്വീപുകളിലും 39 മുതൽ 45 ഡിഗ്രി വരെയും മലയോര മേഖലകളിൽ 33 മുതൽ 39 ഡിഗ്രി വരെയുമായിരിക്കും താപനില.

മിതമായ കാറ്റിന് സാധ്യതയുണ്ടെങ്കിലും ചില സമയങ്ങളിൽ ശക്തമാകാനും പൊടിപടലങ്ങൾ ഉയർന്നുവരാനും സാധ്യതയുണ്ട്. ഉൾനാടൻ, മലയോര മേഖലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലും തീരദേശങ്ങളിൽ 35 കിലോമീറ്റർ വേഗത്തിലും വരെ കാറ്റുവീശിയേക്കാം. ഇന്ന് രാത്രിയിലും വ്യാഴാഴ്ച രാവിലെയോടെയും തീരദേശ മേഖലകളിൽ ഈർപ്പം വർധിക്കുന്നത് മൂടൽമഞ്ഞിന് കാരണമായേക്കും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നാണ് പ്രവചനം.