ബുർജ് ഖലീഫ/ദുബായ് മോൾ മെട്രോ സ്റ്റേഷനിൽ താൽക്കാലിക സ്റ്റെയർകേസ് തുറന്നു
ബുർജ് ഖലീഫ/ദുബായ് മോൾ മെട്രോ സ്റ്റേഷനിൽ വികസന പ്രവൃത്തികൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ സൗകര്യാർത്ഥം താൽക്കാലിക കോണിപ്പടി പ്രവർത്തനസജ്ജമാക്കിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. വികസന ഘട്ടത്തിൽ സ്റ്റേഷനിലെ കനത്ത യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനും കാൽനടയാത്ര കൂടുതൽ സുഗമമാക്കുന്നതിനുമാണ് ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ അവിടെ പ്രദർശിപ്പിച്ചിട്ടുള്ള മാപ്പുകളും ദിശാസൂചന ബോർഡുകളും കൃത്യമായി പിന്തുടരണമെന്ന് ആർ.ടി.എ നിർദ്ദേശിച്ചു. നിർമ്മാണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ യാത്രക്കാരെ സഹായിക്കാനും വഴികൾ കാണിച്ചു നൽകാനുമായി പ്രത്യേക ജീവനക്കാരെയും സ്റ്റേഷനിൽ നിയോഗിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളോട് യാത്രക്കാർ കാണിക്കുന്ന സഹകരണത്തിന് ആർ.ടി.എ നന്ദി അറിയിച്ചു.
