പരീക്ഷണയോട്ടം പുരോഗമിക്കുന്നു; റോബോ ടാക്സികൾ വ്യാപകമാക്കാൻ ദുബായ്

  1. Home
  2. Global Malayali

പരീക്ഷണയോട്ടം പുരോഗമിക്കുന്നു; റോബോ ടാക്സികൾ വ്യാപകമാക്കാൻ ദുബായ്

s


സ്വയം നിയന്ത്രിത വാഹനമായ റോബോ ടാക്സി ദുബായിയുടെ നിരത്തുകൾ കീഴടക്കാൻ ഒരുങ്ങുന്നു. 2026 ആദ്യ പാദത്തിലെ ഉദ്ഘാടനത്തിനു മുന്നോടിയായി ജുമൈറ ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണയോട്ടം നടത്തുകയാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാധി പറഞ്ഞു.
ദുബായ് വേൾഡ് കോൺഗ്രസ് ആൻഡ് ചാലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായിലെ സ്വയം നിയന്ത്രിത വാഹനഗതാഗതം ഊർജിതമാക്കാൻ ബൈഡു (അപ്പോളോ ഗോ), പോണി.എഐ, വിറൈഡ് എന്നീ കമ്പനികളുമായി ആർടിഎ ഒപ്പുവച്ച കരാർ പ്രകാരമാണ് നഗരത്തിൽ റോബോ ടാക്സികൾ വ്യാപകമാക്കുന്നത്.

പ്രാരംഭ പരീക്ഷണങ്ങൾ പൂർത്തിയാക്കി സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് മൂന്ന് കമ്പനികൾക്കും ദുബായ് സിലിക്കൺ ഒയാസിസ് ഉൾപ്പെടെ പൊതുനിരത്തിൽ പരീക്ഷണയോട്ടത്തിന് ആർടിഎ ട്രയൽ പെർമിറ്റ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ വിവിധ കമ്പനികളുടെ 60 റോബോ ടാക്സികൾ നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പരീക്ഷണയോട്ടം നടത്തുന്നു.

ആർടിഎയുടെ സാങ്കേതിക സംഘം സൂക്ഷ്മം നിരീക്ഷിക്കുകയും സുരക്ഷ വിലയിരുത്തുകയും ചെയ്യുകയാണ്. ദുബായ് വേൾഡ് കോൺഗ്രസ് പ്രദർശന നഗരിയിൽ റോന്തുചുറ്റുന്ന റോബോ ടാക്സി പൊതുജനങ്ങൾക്ക് സൗജന്യ സവാരി നൽകുന്നു. ഡിജിറ്റൽ യുഗത്തിൽ ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് സുസ്ഥിര ഗതാഗത മാർഗം വിപുലപ്പെടുത്തുന്നത്. പ്രകൃതിക്ക് ഇണങ്ങും വിധം യാത്രക്കാർക്ക് നൂതന ഗതാഗത മാർഗം ഒരുക്കുകയാണ് ലക്ഷ്യം.

നവീന ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് മറ്റു വാഹനങ്ങളുടെ സാന്നിധ്യം മനസ്സിലാക്കി കൂട്ടിയിടിക്കാതെ വേഗം നിയന്ത്രിച്ച് മുന്നോട്ടുപോകാൻ ഇവയ്ക്കു സാധിക്കും. റോഡിലെ തടസ്സങ്ങൾ മനസ്സിലാക്കി സ്വയം തീരുമാനമെടുത്ത് വഴി മാറി സഞ്ചരിക്കും. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആറാം തലമുറ (ആർടി6) റോബൊ ടാക്സിയാണ് സേവനത്തിന് ഉപയോഗിക്കുന്നത്. മനുഷ്യർ വാഹനമോടിക്കുമ്പോഴുള്ള തെറ്റുകൾ സ്വയംനിയന്ത്രിത വാഹനങ്ങളിൽ ഉണ്ടാകില്ലെന്നതാണ് നേട്ടം.