കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

  1. Home
  2. Global Malayali

കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

california murder


അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങൾ വിദേശത്തെ നിയമനടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻമേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 28-നായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്. അഞ്ജനയുടെ സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനില എന്ന യുവതിയാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം, എംബാം ചെയ്യൽ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ നടപടികൾ പ്രവാസി കൂട്ടായ്മകളുടെയും നോർക്കയുടെയും ഏകോപനത്തിൽ പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ അയച്ചത്.

നെടുമ്പാശ്ശേരിയിൽ ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂരിലെ വസതിയിലെത്തിച്ച് തിങ്കളാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ആൻമേരിയുടെ മൃതദേഹം ഭർത്താവിന്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച പന്നിമറ്റം സെന്റ് ഇഗ്നേഷ്യസ് ദേവാലയ സെമിത്തേരിയിലാണ് ആൻമേരിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക.