ദുബൈ വിമാനത്താവളത്തിൽ ചരിത്രത്തിലെ തിരക്കേറിയ ദിനങ്ങൾ
ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിനങ്ങൾ അടയാളപ്പെടുത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ശനിയാഴ്ച 3.24 ലക്ഷം പേരും ഞായറാഴ്ച 3.22 ലക്ഷം പേരും യാത്ര ചെയ്തതോടെയാണ് തിരക്കേറിയ ദിനങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് ദുബൈ എയർപോർട്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ശെശത്യകാല അവധിക്ക് ശേഷമുള്ള യാത്രാതിരക്കാണ് വിമാനത്താവളം നിലവിൽ അഭിമുഖീകരിക്കുന്നത്. തിരിച്ചെത്തുന്ന താമസക്കാർക്കൊപ്പം വിനാദസഞ്ചാരികളുടെയും ട്രാൻസിറ്റ് യാത്രക്കാരുടെയും എണ്ണം ഈ ദിവസങ്ങളിൽ വർധിച്ചിട്ടുണ്ട്. ദുബൈയിൽ ശൈത്യകാലം ശക്തമായതോടെ വിനാദസഞ്ചാരികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതലായി എത്തിച്ചേരുന്നുണ്ട്. പുതുവത്സര അവധിയിലും നിരവധിപേരാണ് എത്തിച്ചേർന്നത്.
ജനുവരി ഒന്നിനും 11നും ഇടയിൽ ഏകദേശം 34 ലക്ഷം യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് ഈ കാലയളവിൽ ദിവസേന മൂന്ന് ലക്ഷം യാത്രക്കാരിൽ കൂടുതൽ കടന്നുപോകും. വലിയ തിരക്കുണ്ടെങ്കിലും യാത്രക്കാരുടെ സുഖസൗകര്യങ്ങളും കാര്യക്ഷമമായ സേവനവും വിമാനത്താവളത്തിൽ ഉറപ്പുവരുത്തുന്നുണ്ട്. തിരക്ക് പ്രമാണിച്ച് വിമാനത്താവളത്തിൽ നാലുമണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരാൻ യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ശൈത്യകാല അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ മന്നോടിയായി, രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും തിരക്കേറിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തിങ്കാളാഴ്ച വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയവരും സ്കൂൾ അവധിയിൽ മറ്റ് രാജ്യങ്ങളിലേക്ക് പോയവരും തിരിച്ചെത്തുന്നതിനാലാണ് തിരക്ക് വർധിക്കുന്നത്. അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ഷാർജ അന്താരാഷ്ട്ര വിമാനത്താവളം, റാസൽഖൈമ വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം തിരക്ക് വർധിച്ചിട്ടുണ്ട്.
തിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർക്ക് എമിറേറ്റ്സ് വിമാനക്കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാർ പാസ്പോർട്ടുകൾ, വിസകൾ, എമിറേറ്റ്സ് ഐ.ഡി വിശദാംശങ്ങൾ എന്നിവ സാധുതയുള്ളതാണെന്നും എമിഗ്രേഷൻ കൗണ്ടറുകളിലെ കാലതാമസം ഒഴിവാക്കാൻ എളുപ്പത്തിൽ ലഭ്യമാകുന്നതാണെന്നും ഉറപ്പാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങാൻ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്യുകയോ സാധ്യമാകുന്നിടത്തെല്ലാം പൊതുഗതാഗതം ഉപയോഗിക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.
