രാജ്യാന്തര പുസ്തകോൽസവത്തിന് തിരശീല ഉയരാൻ ഇനി രണ്ടു നാൾ; സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി
രാജ്യാന്തര പുസ്തകോൽസവത്തിന് തിരശീല ഉയരാൻ ഇനി രണ്ടു നാൾ കൂടി മാത്രം. പുസ്തകോൽസവത്തിന്റെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സുരക്ഷാ കമ്മിറ്റിയുടെ അവലോകന യോഗം ചേർന്നു. സന്ദർശകരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും സ്വീകരിച്ചിരിക്കുന്ന നടപടികൾ, അപകടമുണ്ടായാൽ ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനുള്ള ചട്ടങ്ങൾ, ദ്രുതകർമ പ്രതിരോധ പദ്ധതി എന്നിവ അവലോകനം ചെയ്തു.
ഷാർജ ബുക്ക് അതോറിറ്റി, ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, സാനിദ് വൊളന്റിയർ ടീം, ആരോഗ്യ മന്ത്രാലയം, ദേശീയ ആംബുലൻസ് എന്നിവർ ചേർന്നാണ് സുരക്ഷാ അവലോകനം നടത്തിയത്. അടിയന്തര ഘട്ടങ്ങളിൽ ഓരോ ടീമിന്റെയും ഉത്തരവാദിത്തങ്ങളും ജോലികളും യോഗത്തിൽ വീതിച്ചു നൽകി.
തയാറെടുപ്പിന്റെ ഭാഗമായി രക്ഷാ പ്രവർത്തനത്തിന്റെ മോക് ഡ്രില്ലും സംഘടിപ്പിച്ചു. രക്ഷാ ദൗത്യത്തിന് ഉപയോഗിക്കുന്ന പാത, അസംബ്ലി പോയിന്റ്, ആശയ വിനിമയ സംവിധാനങ്ങൾ എന്നിവയുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പാക്കി. സന്ദർശകരുടെയും മേളയിൽ പങ്കെടുക്കുന്നവരുടെയും സുരക്ഷയ്ക്കാണ് മുഖ്യപ്രാധാന്യം നൽകുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി കമ്യൂണിക്കേഷൻസ് ഡയറക്ടർ ബാദർ മുഹമ്മദ് സാബ് പറഞ്ഞു.
