സൗദിയിൽ സ്വദേശിവൽക്കരണ തോത് 60%, വിവിധ മേഖലകളിൽ പ്രാബല്യത്തിൽ
സൗദിയിലെ സ്വകാര്യ മേഖലയിലെ സെയിൽസ്, മാർക്കറ്റിങ് ജോലികളിൽ സ്വദേശിവൽക്കരണ തോത് 60% ആയി ഉയർത്തിയത് പ്രാബല്യത്തിലെത്തി. രാജ്യത്തെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുന്നത് ഉറപ്പാക്കുന്നതാണ് ലക്ഷ്യമിട്ട് മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ സൗദി മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വദേശിവൽക്കരണം പ്രഖ്യാപിച്ചത്.മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഇന്നു മുതൽ പുതുക്കിയ സംവരണ ചട്ടങ്ങൾ പ്രകാരം ഈ തസ്തികകളിൽ അറുപത് ശതമാനവും സൗദി പൗരന്മാരായ ജീവനക്കാർ ഉണ്ടായിരിക്കണം. മൂന്നോ അതിൽ കൂടുതലോ ഈ തസ്തികകളുള്ള ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമാണ്. ഈ തസ്തികകളിൽ സ്വദേശി ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസ ശമ്പളം 5,500 സൗദി റിയാൽ എങ്കിലും ആയിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
∙സ്വദേശിവൽക്കരണ തോത് ഉയർത്തിയ തൊഴിലുകൾ
മാർക്കറ്റിങ് വിഭാഗത്തിൽ മാർക്കറ്റിങ് മാനേജർ, അഡ്വർടൈസിങ് ഏജന്റ്, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്പെഷലിസ്റ്റ്, ഫൊട്ടോഗ്രഫർ തുടങ്ങി 10 തസ്തികകൾ.
സെയിൽസ് വിഭാഗത്തിൽ സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് റെപ്രസന്റിറ്റീവ്, ഹോൾസെയിൽ സെയിൽസ് റെപ്രസന്റിറ്റീവ്, ഐടി ആൻഡ് കമ്മ്യൂണിക്കേഷൻ ഡിവൈസ് സെയിൽസ് സ്പെഷലിസ്റ്റ്, കൊമേഴ്‌സ്യൽ സ്പെഷലിസ്റ്റ്, കമ്മോഡിറ്റി ബ്രോക്കർ എന്നിവയുൾപ്പെടെയുള്ള ജോലികളിലുമായിട്ടാണ് പുതുക്കിയ സ്വദേശിവൽക്കരണ സംവരണ തോത് ഏർപ്പെടുത്തിയിരിക്കുന്നത്.
