ഗൾഫ് സുരക്ഷിതം; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് എം.എ. യൂസഫലി
പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്ടറുമായ എം.എ. യൂസഫലി. ഗൾഫിലെ നിലവിലെ സാഹചര്യങ്ങൾ സുരക്ഷിതമാണെന്നും അനാവശ്യമായ ആശങ്കകൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പ്രത്യേകം പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സംഭവങ്ങളെ അതിശയോക്തി കലർത്തി അവതരിപ്പിക്കുന്നത് നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാളെങ്കിലും ഗൾഫിലുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവരെ പേടിപ്പിക്കുന്നത് ശരിയല്ല. നിർമിത ബുദ്ധി (AI) ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ സൃഷ്ടിച്ചും ഊഹാപോഹങ്ങൾ അഴിച്ചുവിട്ടും ചിലർ നടത്തുന്ന പ്രചാരണങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. നമുക്ക് അന്നം തരുന്ന ഈ രാജ്യങ്ങൾ സുരക്ഷിതമായിരിക്കാൻ എല്ലാവരും പ്രാർഥിക്കണം. ഇവിടുത്തെ ഭരണാധികാരികൾക്കും രാജ്യത്തിനും വേണ്ടി പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണ്. ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാൻ പ്രാപ്തിയുള്ളവരാണ് ജിസിസി ഭരണാധികാരികളെന്നും അവർക്ക് അതിനുള്ള കഴിവും ബുദ്ധിയും സമ്പത്തും തന്റേടവുമുണ്ടെന്നും യൂസഫലി ഓർമിപ്പിച്ചു.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. യുഎഇ സർക്കാർ അതിനു വേണ്ട ക്രമീകരണങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എന്റെ കമ്പനിയായ ലുലു ഗ്രൂപ്പിലും മതിയായ ഭക്ഷ്യവസ്തുക്കൾ ഉണ്ട്. സമാധാനത്തിനായി പ്രാർഥിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം പ്രവാസികളോട് അഭ്യർഥിച്ചു.
