മേയ് 1 വരെ പഠനം ഓൺലൈനായി തുടരുമെന്ന വാർത്തകൾ വ്യാജം; വിശദീകരണവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

  1. Home
  2. Global Malayali

മേയ് 1 വരെ പഠനം ഓൺലൈനായി തുടരുമെന്ന വാർത്തകൾ വ്യാജം; വിശദീകരണവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

kids


യുഎഇയിലെ വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസം (ഡിസ്റ്റൻസ് ലേണിങ്) മേയ് ഒന്നു വരെ നീട്ടിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വിദ്യാഭ്യാസ മന്ത്രാലയം നിഷേധിച്ചു. ഇത്തരമൊരു തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും നിലവിലെ ക്രമീകരണങ്ങളിൽ മാറ്റമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.കഴിഞ്ഞ മാർച്ച് 30-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ മാസം 17 വരെയാണ് രാജ്യത്തെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ എന്നിവയ്ക്ക് വിദൂര വിദ്യാഭ്യാസം നിശ്ചയിച്ചിട്ടുള്ളത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തത്. നിലവിൽ ഈ കാലാവധി നീട്ടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

സ്ഥിതിഗതികൾ ഓരോ ആഴ്ചയും വിലയിരുത്തുന്നുണ്ടെന്നും 17-ന് ശേഷമുള്ള കാര്യങ്ങൾ അപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ച് മാത്രമേ തീരുമാനിക്കൂ എന്നും അധികൃതർ അറിയിച്ചു. പ്രാദേശികമായ ചില അസ്വാഭാവിക സാഹചര്യങ്ങളെത്തുടർന്ന് മാർച്ച് ആദ്യവാരമാണ് സ്കൂളുകളിൽ ഓൺലൈൻ പഠനരീതി ആരംഭിച്ചത്. നിലവിൽ സ്വദേശത്തും വിദേശത്തുമുള്ള വിദ്യാർത്ഥികൾ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു.