യുഎഇയിൽ അടുത്ത 3 വർഷത്തെ സ്കൂൾ കലണ്ടർ പ്രഖ്യാപിച്ചു; ഇന്ത്യൻ സ്കൂളുകൾക്ക് ബാധകമല്ല

  1. Home
  2. Global Malayali

യുഎഇയിൽ അടുത്ത 3 വർഷത്തെ സ്കൂൾ കലണ്ടർ പ്രഖ്യാപിച്ചു; ഇന്ത്യൻ സ്കൂളുകൾക്ക് ബാധകമല്ല

s


യുഎഇയിലെ സർക്കാർ സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കുമായി അടുത്ത മൂന്ന് അധ്യയന വർഷത്തെ (2026-2029) കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. എന്നാൽ ഇന്ത്യൻ, പാക്കിസ്ഥാനി, ബംഗ്ലദേശി കരിക്കുലം പിന്തുടരുന്ന സ്കൂളുകൾക്ക് ഈ കലണ്ടർ ബാധകമല്ല.സ്കൂളുകൾക്ക് മുൻകൂട്ടി പദ്ധതികൾ ആസൂത്രണം ചെയ്യാനും വിഭവങ്ങൾ കൃത്യമായി വിനിയോഗിക്കാനും പുതിയ മൂന്ന് വർഷത്തെ കലണ്ടർ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2026-2027, 2027-2028, 2028-2029 വർഷങ്ങളിലെ ക്ലാസ് ആരംഭിക്കുന്ന തീയതികളും അവധികളും കലണ്ടറിലുണ്ട്.
2026-2027 അധ്യയന വർഷം
∙ ക്ലാസ് ആരംഭിക്കുന്നത്: 2026 ഓഗസ്റ്റ് 31.
∙ ഒന്നാം സെമസ്റ്റർ മിഡ് ടേം ബ്രേക്ക്: ഒക്ടോബർ 12 മുതൽ 18 വരെ.
∙ ശൈത്യകാല അവധി (വിന്റർ ബ്രേയ്ക്ക്): 2026 ഡിസംബർ 14 മുതൽ 2027 ജനുവരി 3 വരെ.
∙ വസന്തകാല അവധി (സ്പ്രിങ് ബ്രേയ്ക്ക്): 2027 ഏപ്രിൽ 5 മുതൽ 11 വരെ.
∙ അധ്യയന വർഷം അവസാനിക്കുന്നത്: 2027 ജൂലൈ 2.
മറ്റ് വർഷങ്ങളിലെ തുടക്കം
2027-2028: ഓഗസ്റ്റ് 30-ന് ആരംഭിച്ച് 2028 ജൂൺ 30-ന് അവസാനിക്കും.
2028-2029: ഓഗസ്റ്റ് 28-ന് ആരംഭിച്ച് 2029 ജൂൺ 29-ന് അവസാനിക്കും.

ADVERTISEMENT
Go AD-FREE
മിഡ് ടേം ബ്രേക്ക് നിർബന്ധം
എല്ലാ സ്കൂളുകളും ഒന്നാം സെമസ്റ്ററിലെ മിഡ് ടേം ബ്രേക്ക് കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. എന്നാൽ മന്ത്രാലയത്തിന്റെ കരിക്കുലം പിന്തുടരാത്ത സ്വകാര്യ സ്കൂളുകൾക്ക് പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റികളുടെ അനുമതിയോടെ ഈ അഞ്ച് ദിവസത്തെ അവധി ഒക്ടോബറിനും ഫെബ്രുവരിക്കുമിടയിൽ വിഭജിച്ച് നൽകാവുന്നതാണ്. ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് അവിടുത്തെ പ്രത്യേക നിയമാവലി തന്നെയായിരിക്കും ബാധകം.

ഓരോ ടേമിലെയും അവസാന ആഴ്ച വരെ വിദ്യാർഥികൾ സ്കൂളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഈ സമയങ്ങളിൽ പരീക്ഷകളോ മറ്റ് പാഠ്യപദ്ധതികളോ പൂർത്തിയാക്കണമെന്നും മന്ത്രാലയം കർശന നിർദേശം നൽകി.