ദുബായിലെ ഊദ് മേത്ത–അൽ അസായേൽ റോഡ്; പുതിയ പാലം തുറന്നു
ഊദ് മേത്ത മേഖലയിലെ യാത്രാസമയം നാലിലൊന്നായി കുറയ്ക്കുന്ന റോഡ് വികസനപദ്ധതി അതിവേഗം മുന്നോട്ടുപോകുന്നു. ഊദ് മേത്ത–അൽ അസായേൽ റോഡ് വികസനപദ്ധതിയുടെ ഭാഗമായി മൂന്ന് വരിപ്പാതയുള്ള പുതിയ പാലം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തുറന്നു. പദ്ധതി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം 20 മിനിറ്റിൽ നിന്ന് 5 മിനിറ്റായി കുറയും. അൽഖൈൽ റോഡിൽനിന്ന് അൽ വാസൽ ക്ലബ് റോഡ് വഴി അൽ അസായേൽ റോഡിലേക്കുള്ള വാഹനങ്ങൾക്കാണു പുതിയ പാലത്തിന്റെ പ്രയോജനം. മണിക്കൂറിൽ 3,600 വാഹനങ്ങൾ കടന്നുപോകാൻ ശേഷിയുള്ള പാലം തിരക്കേറിയ ജംക്‌ഷനുകളിലെ വാഹനത്തിരക്ക് കുറയ്ക്കും. 90% ജോലികളും പൂർത്തിയായി. ഓഗസ്റ്റ് അവസാനത്തോടെ രണ്ട് തുരങ്കങ്ങളും മറ്റൊരു പാലവും കൂടി തുറക്കും.
ഊദ് മേത്ത റോഡിലെ വാഹനശേഷി നിലവിലെ മണിക്കൂറിൽ 10,400 വാഹനങ്ങളിൽനിന്ന് 15,600 ആയി (50% വർധന) ഉയരും. അൽഖൈൽ റോഡ്, ഷെയ്ഖ് റാഷിദ് റോഡ്, ദുബായ്–അൽഐൻ റോഡ്, ഊദ് മേത്ത റോഡ് എന്നിവ ചേരുന്ന പ്രധാന ജംക്‌ഷനുകളിലെ വാഹനക്കുരുക്കാണ് പദ്ധതി പരിഹരിക്കുന്നത്. വ്യത്യസ്ത ദിശകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക പാലങ്ങളും തുരങ്കങ്ങളും ഒരുക്കുന്നതിലൂടെ ഒരേ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കും. സബീൽ, അൽ ജദ്ദാഫ്, ഊദ് മേത്ത, ഉം ഹുറൈർ മേഖലകൾക്കും ലത്തീഫ ആശുപത്രി, അൽവാസൽ ക്ലബ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്കും പദ്ധതി ഗുണം ചെയ്യും.
