അമേരിക്ക തിരിച്ചുവിളിച്ച മുട്ട ഉൽപന്നങ്ങൾ യുഎഇയിൽ ഇല്ല’; വിപണിയിൽ പരിശോധിച്ച് സ്ഥിരീകരിച്ച് മന്ത്രാലയം

  1. Home
  2. Global Malayali

അമേരിക്ക തിരിച്ചുവിളിച്ച മുട്ട ഉൽപന്നങ്ങൾ യുഎഇയിൽ ഇല്ല’; വിപണിയിൽ പരിശോധിച്ച് സ്ഥിരീകരിച്ച് മന്ത്രാലയം

egg shell


 

അമേരിക്കയിൽ സൽമൊണല്ല ബാക്ടീരിയ ബാധയെത്തുടർന്ന് തിരിച്ചുവിളിച്ച മുട്ട ഉൽപന്നങ്ങൾ യുഎഇ വിപണിയിൽ ഇല്ലെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. പ്രാദേശിക വിപണികളിലെ ഇറക്കുമതി ഡേറ്റയും കച്ചവട കണക്കുകളും പരിശോധിച്ചശേഷമാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം ബാക്ടീരിയ ബാധിത ഉൽപന്നങ്ങളൊന്നും രാജ്യത്തേക്ക് എത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.യുഎസിൽ കാതറിൻ വാലിയിലെ കൺട്രി എഗ്ഗ്സ് കമ്പനി യിൽ നിന്നുള്ള ചില പ്രത്യേക ബ്രാൻഡ് മുട്ടകളിലാണ് സൽമൊണല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് 14 സംസ്ഥാനങ്ങളിലായി 95 ഓളം പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് കമ്പനി വിതരണം നിർത്തിവച്ച് ഉൽപന്നങ്ങൾ വിപണിയിൽനിന്ന് തിരിച്ചുവിളിച്ചത്.

യുഎസിലെ ഈ മുന്നറിയിപ്പിന് പിന്നാലെ യുഎഇയിലെ പ്രസക്തമായ റഗുലേറ്ററി അതോറിറ്റികൾ വിപണിയിൽ ഉടനീളം ശാസ്ത്രീയ പരിശോധനകളും കണക്കെടുപ്പുകളും നടത്തി. രാജ്യാന്തര തലത്തിൽ വരുന്ന ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുകൾ നിരന്തരം നിരീക്ഷിക്കാറുള്ള അധികൃതർ, സുരക്ഷിതമല്ലാത്ത ഒരു ഉൽപന്നവും രാജ്യത്തെ ഉപഭോക്താക്കളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

നേരത്തെ ഇ-കോളി ബാക്ടീരിയ സാന്നിധ്യം മൂലം യുഎസിൽ തിരിച്ചുവിളിച്ച ‘ഗ്രീൻവൈസ്’ ഫ്രോസൺ ബെറി ഉൽപന്നങ്ങളും യുഎഇ വിപണിയിൽ ഇല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് എത്തുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ കർശന പരിശോധനകളാണ് അധികൃതർ തുടർച്ചയായി നടത്തിവരുന്നത്.