പെരുന്നാൾ വിപണിയിൽ ക്ഷാമമില്ല; 9,000 മെട്രിക് ടൺ ഭക്ഷ്യോൽപന്നങ്ങൾ ഗൾഫിലെത്തിച്ച് ലുലു

  1. Home
  2. Global Malayali

പെരുന്നാൾ വിപണിയിൽ ക്ഷാമമില്ല; 9,000 മെട്രിക് ടൺ ഭക്ഷ്യോൽപന്നങ്ങൾ ഗൾഫിലെത്തിച്ച് ലുലു

lulu


പെരുന്നാൾ പ്രമാണിച്ച് ഗൾഫ് മേഖലയിൽ ഭക്ഷ്യോത്പന്നങ്ങളുടെ സുഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ലുലു ഗ്രൂപ്പ്. മുപ്പതിലേറെ കാർഗോ, യാത്രാ വിമാനങ്ങളിലും കപ്പലുകളിലുമായി ഇതുവരെ 9,000 മെട്രിക് ടണ്ണിലധികം അവശ്യവസ്തുക്കളാണ് ലുലു വിവിധ ഗൾഫ് രാജ്യങ്ങളിൽ എത്തിച്ചത്. യുഎഇയിലേക്ക് മാത്രം 6,000 ടണ്ണിലേറെ ഉത്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

ഇത്തിഹാദ് എയർവേസിന്റെ പ്രത്യേക കാർഗോ വിമാനങ്ങൾ ഉൾപ്പെടെ 20 ചാർട്ടേഡ് വിമാനങ്ങളിലായി ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പഴം, പച്ചക്കറി, ഇറച്ചി തുടങ്ങിയവ എത്തിച്ചു കഴിഞ്ഞു. കൂടാതെ പെരുന്നാൾ വിപണി ലക്ഷ്യമിട്ട് മുംബൈയിൽ നിന്ന് കപ്പൽ മാർഗ്ഗവും വൻതോതിൽ ഭക്ഷ്യശേഖരം യുഎഇയിലെത്തിച്ചിട്ടുണ്ട്. അരി, മുട്ട, പഴം, പച്ചക്കറി എന്നിവയാണ് പ്രധാനമായും കപ്പൽ മാർഗ്ഗം ലഭ്യമാക്കിയത്.

സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്കും ഇന്ത്യ, യുകെ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വിമാനമാർഗ്ഗം ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു. ഖത്തറിലേക്ക് റിയാദ് വഴിയും ബഹ്‌റൈനിലേക്ക് ദമ്മാം വഴിയും റോഡ് മാർഗ്ഗവും വിതരണം സുഗമമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രത്യേക കാർഗോ സർവീസുകളും കപ്പൽ വഴിയുള്ള വിതരണവും തുടരുമെന്നും ഉപഭോക്താക്കൾക്ക് യാതൊരുവിധ ആശങ്കയുടെയും ആവശ്യമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.