സഊദിയിൽ മൂന്നാം ശീതതരംഗം; താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്ന് മുന്നറിയിപ്പ്

  1. Home
  2. Global Malayali

സഊദിയിൽ മൂന്നാം ശീതതരംഗം; താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്ന് മുന്നറിയിപ്പ്

s


സഊദി അറേബ്യയിൽ ഈ സീസണിലെ മൂന്നാമത്തെ ശീതതരംഗം വരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ചില പ്രവിശ്യകളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെയാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്.

അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഹായിൽ, ഖാസിം, തലസ്ഥാനമായ റിയാദ് എന്നിവിടങ്ങലെയാകും ശീതതരം​ഗം ശക്തമായി ബാധിക്കുക. ഈ പ്രദേശങ്ങളിൽ കുറഞ്ഞ താപനില 3°C നും -1°C നും ഇടയിലായിരിക്കുമെന്നാണ് എൻസിഎമ്മിന്റെ കണക്കുകൂട്ടൽ. വടക്കൻ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും അതിശക്തമായ തണുപ്പിനും സാധ്യതയുണ്ട്.

താപനില ഏറ്റവും താഴ്ന്ന നിലയിലെത്തുന്ന രാത്രികാലങ്ങളിലും പുലർച്ചെയും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റ് മുൻകരുതലുകളും സ്വീകരിക്കണം. ശ്വസനസംബന്ധമായ അസുഖങ്ങളുള്ളവരും പ്രായമായവരും കുട്ടികളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എൻസിഎം അറിയിച്ചു. വരും ദിവസങ്ങളിൽ മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും തണുപ്പ് കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാരും ജാഗ്രത പാലിക്കണം.