ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്, റൊമാനിയൻ പൗരൻ അറസ്റ്റിൽ
ജർമനിയിലെ ബോഹും നഗരത്തിലുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം കൊച്ചെടാട്ട് നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സ്വിൻ ജോണി (26) എന്നിവരാണ് മരിച്ചത്. ബോഹുമിലെ ഹോഫ്സ്റ്റെഡെ ഏരിയയിലെ ബഹുനില പാർപ്പിട കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലാണ് മൂവരെയും മരിച്ചനിലയിൽ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. പുക ശ്വസിച്ചതിനെ തുടർന്ന് പരിക്കേറ്റ അഞ്ച് പേരെ ബോഹുമിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ പൗരത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും ആരോ തീവെച്ചതാണെന്നുമാണ് പൊലീസിന്റെ സംശയം. ഇത് മനഃപൂർവം കൊളുത്തിയതാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്നറിയാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോണിപ്പടിയിലൂടെ തീ പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് പടർന്നുപിടിച്ചതാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസ്സമായത്. ഇതുമൂലം ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അപ്പാർട്ട്മെന്റുകളിലേക്ക് പ്രവേശിക്കാനും താമസക്കാരുടെ അടുക്കലേക്ക് എത്താനും ബുദ്ധിമുട്ട് നേരിട്ടു.
കട്ടപ്പന ശാന്തിഗ്രാം കൊച്ചടാട്ടേൽ റിട്ട. എസ്ഐ സാബുവിന്റെയും പബ്ലിക് ഹെൽത്ത് നഴ്സ് ജ്യോതിയുടെയും മകളായ നോവ സാബു ജിം ട്രെയിനറായി ജോലി ചെയ്യാനാണ് കഴിഞ്ഞ ജൂലൈയിലാണ് ജർമനിയിലേക്ക് പോയത്. കൊല്ലം ചെമ്മക്കാട് റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ജോയിയുടെയും ഷീലാ ജോയിയുടെയും മകളായ അഞ്ജലിയും കഴിഞ്ഞ ജൂലൈയിലാണ് ജോലി ലഭിച്ച് ജർമ്മനിയിലെത്തിയത്. മരിച്ചവരുടെ കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
