ഫുജൈറ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേരുടെ മരണം; അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

  1. Home
  2. Global Malayali

ഫുജൈറ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേരുടെ മരണം; അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

fujairah accident


യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാനും യു.എ.ഇ അധികൃതരുമായി ഏകോപനം നടത്താനും നോർക്ക റൂട്ട്സിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ദാരുണമായ അപകടത്തിൽ മൂന്ന് ജീവനുകൾ നഷ്ടമായത് ഏറെ വേദനാജനകമാണെന്നും ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (3) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഫുജൈറ കോടതിക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ കുടുംബത്തിലെ മറ്റ് നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

യു.എ.ഇ സന്ദർശനത്തിനായി എത്തിയതായിരുന്നു കുടുംബാംഗങ്ങൾ. മലപ്പുറം എ.ആർ. നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ ടി.കെ. മൊയ്തീൻകുട്ടി മാഷിന്റെ മകനാണ് സിദ്ദീഖ്. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് ഫുജൈറ അധികൃതർ അന്വേഷണം നടത്തിവരികയാണ്.