ഗതാഗതക്കുരുക്ക്: പാർപ്പിട മേഖലകളിലെ സ്കൂളുകൾ മാറ്റി സ്ഥാപിക്കും
പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ 2027-2028 അധ്യയന വർഷത്തോടെ പൂർണമായും നിർത്തലാക്കാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. ഈ മേഖലകളിലെ അമിത ഗതാഗതക്കുരുക്ക് കുറയ്ക്കാനും താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നഗരാസൂത്രണം കാര്യക്ഷമമാക്കാനുമാണ് നടപടി.പാർപ്പിട മേഖലകളിലെ സ്വകാര്യ സ്കൂളുകൾക്ക് ഇനി പുതിയ ലൈസൻസുകൾ നൽകുകയോ നിലവിലുള്ളവ പുതുക്കി നൽകുകയോ ചെയ്യില്ല. പുതിയ സ്കൂളുകൾ അനുവദിക്കുന്നതിന് മുൻപ് ട്രാഫിക് ഡിപാർട്ട്മെന്റിന്റെ പ്രത്യേക അനുമതിയും ട്രാഫിക് പഠന റിപ്പോർട്ടും നിർബന്ധമാക്കി.
ഈ സ്കൂളുകൾ മാറ്റി സ്ഥാപിക്കുന്നതിന് ബദൽ സ്ഥലങ്ങൾ കണ്ടെത്താൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് സർക്കാർ നിർദേശിച്ചു. മുനിസിപ്പൽ അഫയേഴ്സ് മന്ത്രി അബ്ദുൽ ലത്തീഫ് അൽ മിഷാരിയാണ് നിർണായക ഉത്തരവിൽ ഒപ്പുവച്ചത്. ഇതേസമയം നഴ്സറികൾക്ക് നിരോധനം ബാധകമല്ല. നിയമങ്ങൾ പാലിച്ചുകൊണ്ട് പാർപ്പിട മേഖലകളിൽ പ്രവർത്തിക്കാം.
