വിദ്യാർഥികളെ എഐ വിദഗ്ധരാക്കി പരിശീലനം
ഹൈസ്‌കൂൾ വിദ്യാർഥികളിൽ നിർമിതബുദ്ധി (എഐ), നവീകരണം, സംരംഭകത്വം എന്നിവയിൽ പ്രായോഗിക നൈപുണ്യം വളർത്താൻ ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡെവലപ്‌മെന്റും 42 അബുദാബി അക്കാദമിയും ചേർന്ന് 'ഏജന്റിക് വെഴ്സ്' വേനൽക്കാല പരിശീലന പരിപാടി സംഘടിപ്പിച്ചു. അഞ്ചു ദിവസം നീണ്ട പരിപാടിയിൽ വിദ്യാർഥികൾ സംഘങ്ങളായി ചേർന്ന് യഥാർഥ പ്രശ്നങ്ങൾക്ക് എഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിച്ചു. സംരംഭകർക്കായുള്ള സ്മാർട്ട് എഐ ഉപദേഷ്ടാവ് ഉൾപ്പെടെ നവീന പദ്ധതികൾ അവതരിപ്പിച്ചു.എഐ ഡിസൈൻ, പ്രോംപ്റ്റ് എൻജിനീയറിങ്, ആശയ വികസനം, ടീംവർക്ക്, അവതരണ നൈപുണ്യം എന്നിവയിൽ പരിശീലനം നൽകിയ പരിപാടിയിലൂടെ വിദ്യാർഥികൾക്ക് ഭാവി സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിചയവും ലഭിച്ചു. സംരംഭകർക്കുള്ള ധനസഹായം, ഉപദേശ സേവനങ്ങൾ, സ്റ്റാർട്ടപ്പ് പിന്തുണ എന്നിവയും ഖലീഫ ഫണ്ട് വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. നവീകരണാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്നതാണു പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
