കൈകോർക്കാൻ യുഎഇയും സൗദിയും
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ ചരക്കുനീക്കം സുഗമമാക്കാൻ പുതിയ വ്യാപാര പാതയുമായി സൗദി അറേബ്യയും യുഎഇയും. ഷാർജയെയും ദമാമിനെയും ബന്ധിപ്പിക്കുന്ന ഈ ‘ട്രേഡ് ബ്രിജ്’ മേഖലയിലെ വ്യാപാര ശൃംഖലയ്ക്ക് കരുത്തുപകരും. കടൽമാർഗവും കരമാർഗവും സംയോജിപ്പിച്ചാണ് ഈ പുതിയ ചരക്കുനീക്ക ഇടനാഴി സജ്ജമാക്കിയിരിക്കുന്നത്.∙ ലോജിസ്റ്റിക്സ് മേഖലയിൽ വൻ കുതിപ്പ്
സൗദി പോർട്സ് അതോറിറ്റിയും പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ഗൾഫ് ടെയ്നറും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തുറമുഖങ്ങളെയും ഉൾനാടൻ വിതരണ കേന്ദ്രങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ അതിർത്തി കടന്നുള്ള ചരക്കുനീക്കം അതിവേഗത്തിലാകും. വ്യാപാര സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ വിപണിയിലെത്തിക്കാൻ ഈ പുതിയ സംവിധാനം വഴിയൊരുക്കും.
സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, മേഖലയിലെ മൊത്തം വ്യാപാര വളർച്ചയ്ക്കും ഈ തന്ത്രപ്രധാന നീക്കം കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷിതവും വഴക്കമുള്ളതുമായ ലോജിസ്റ്റിക്സ് സംവിധാനത്തിലേക്കുള്ള ഗൾഫ് രാജ്യങ്ങളുടെ വലിയൊരു ചുവടുവെപ്പാണിത്.
