പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

  1. Home
  2. Global Malayali

പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

uae


ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് രാജ്യത്തെ വിതരണ ശൃംഖലയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി യുഎഇ പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ചു. വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അവശ്യസാധനങ്ങളുടെ സുസ്ഥിരമായ ഒഴുക്ക് ഉറപ്പാക്കാനും സാമ്പത്തിക സുരക്ഷ വർധിപ്പിക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.∙ തിരിച്ചറിഞ്ഞത് 150 അവശ്യ വസ്തുക്കൾ, യുഎഇയിൽ ഉൽപാദനം വർധിപ്പിക്കും
രാജ്യത്തിന് ഏറ്റവും അനിവാര്യമായ 150ലേറെ ഉൽപന്നങ്ങളെ പദ്ധതിയുടെ ഭാഗമായി പ്രത്യേകം തരംതിരിച്ചിട്ടുണ്ട്. നിലവിൽ ഇവയിൽ പലതും നിശ്ചിത വിദേശ വിപണികളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ആഗോളതലത്തിൽ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടായാൽ പകരം സംവിധാനമൊരുക്കാൻ മറ്റ് വിപണികളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർധിച്ചുവരുന്ന ഇൻഷുറൻസ്–ലോജിസ്റ്റിക്സ് ചെലവുകളും പ്രാദേശിക യുദ്ധങ്ങൾ മൂലമുണ്ടാകുന്ന പ്രതിസന്ധികളും മറികടക്കാൻ ഈ മുൻകരുതൽ സഹായിക്കും.

ഇറക്കുമതിയെ മാത്രം ആശ്രയിക്കാതെ, തിരഞ്ഞെടുക്കപ്പെട്ട പല അവശ്യവസ്തുക്കളും യുഎഇയിൽ തന്നെ നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി മേയ് നാലിന് ആരംഭിക്കുന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ (പ്ലാറ്റ്‌ഫോം) വഴി നിർണായക വിവരങ്ങൾ നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ അവതരിപ്പിക്കും. ഉൽപാദന സാങ്കേതികവിദ്യകൾ രാജ്യത്തേക്ക് എത്തിക്കുന്നതിനും പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും വൻകിട നിക്ഷേപകർക്ക് ഇതിലൂടെ അവസരമൊരുങ്ങും.