വ്യാജ അവധിക്കാല ഓഫറുകളെയും പെയ്‌മെന്റ് തട്ടിപ്പുകളെയും കരുതിയിരിക്കാൻ യുഎഇ ബാങ്കുകളുടെ മുന്നറിയിപ്പ്

  1. Home
  2. Global Malayali

വ്യാജ അവധിക്കാല ഓഫറുകളെയും പെയ്‌മെന്റ് തട്ടിപ്പുകളെയും കരുതിയിരിക്കാൻ യുഎഇ ബാങ്കുകളുടെ മുന്നറിയിപ്പ്

uae


 

വേനൽക്കാല യാത്രാ സീസൺ സജീവമായ പശ്ചാത്തലത്തിൽ, വ്യാജ അവധിക്കാല പാക്കേജുകളിലും പെയ്‌മെന്റ് തട്ടിപ്പുകളിലും വീഴരുതെന്ന് ഉപഭോക്താക്കൾക്ക് യുഎഇ ബാങ്ക് ഫെഡറേഷന്റെ (UBF) കർശന മുന്നറിയിപ്പ്. വിമാന ടിക്കറ്റ് നിരക്കുകളിലും ഹോട്ടൽ ബുക്കിങ്ങുകളിലും വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ യാത്രക്കാരെ ലക്ഷ്യമിടുന്നതായി ഫെഡറേഷൻ വ്യക്തമാക്കി.

വ്യാജ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ നിർമ്മിച്ച്, പരിമിതകാല ഓഫറുകൾ എന്ന രീതിയിൽ അടിയന്തരമായി പണം അടയ്ക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം യാത്രാ സംബന്ധമായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യണമെന്നും ഇടപാടുകൾ നടത്തുന്നതിന് മുൻപ് വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും ബാങ്കുകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. പല വ്യാജ ആപ്പുകളും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോർത്താൻ ലക്ഷ്യമിട്ട് യഥാർത്ഥ ആപ്പുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

അംഗീകൃത ഏജൻസികളെ മാത്രം ആശ്രയിക്കുക: ലൈസൻസുള്ള ട്രാവൽ ഏജൻസികൾ വഴിയോ, വിമാനക്കമ്പനികളുടെയും ഹോട്ടലുകളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ മാത്രം ബുക്കിങ്ങുകൾ നടത്തുക.

വില താരതമ്യം ചെയ്യുക: വിപണിയിലെ പൊതുവായ നിരക്കുകളേക്കാൾ അവിശ്വസനീയമായ രീതിയിൽ കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന ഓഫറുകളെ സംശയത്തോടെ വീക്ഷിക്കുക.

ഒടിപിയും ബാങ്ക് വിവരങ്ങളും കൈമാറരുത്: വെരിഫിക്കേഷൻ ലിങ്കുകൾ വഴിയോ അല്ലാതെയോ ഒടിപി (OTP), ബാങ്ക് കാർഡ് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവെക്കരുത്.

സുരക്ഷിത പെയ്‌മെന്റ് രീതികൾ: ഉപഭോക്തൃ സംരക്ഷണം ഉറപ്പുനൽകുന്നതും തർക്കങ്ങളുണ്ടായാൽ പണം തിരികെ ലഭിക്കാൻ (Disputed transactions) സാധ്യതയുള്ളതുമായ ക്രെഡിറ്റ് കാർഡുകളോ സുരക്ഷിതമായ മറ്റ് ഇലക്ട്രോണിക് പെയ്‌മെന്റ് രീതികളോ ഉപയോഗിക്കുക.

"ഒരു ചെറിയ ക്ലിക്ക് വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം," എന്ന് ഓർമ്മിപ്പിച്ച ഫെഡറേഷൻ, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന പെർമിഷനുകൾ കൃത്യമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിന് ഇരയായതായി സംശയം തോന്നിയാൽ ഉടനടി ബന്ധപ്പെട്ട ബാങ്കുമായി ബന്ധപ്പെട്ട് കാർഡുകൾ ബ്ലോക്ക് ചെയ്യണമെന്നും ഒപ്പം അധികൃതർക്ക് പരാതി നൽകണമെന്നും യുഎഇ ബാങ്ക് ഫെഡറേഷൻ നിർദ്ദേശിച്ചു.