യുഎഇയിൽ പ്രമുഖ ബ്രാൻഡിന്റെ ഗ്ലാസ് കപ്പുകൾക്ക് വിലക്ക്
പ്രമുഖ ബ്രാൻഡായ ‘ഫ്ലൈയിങ് ടൈഗർ’ വിപണനം ചെയ്ത പ്രത്യേക തരം ഗ്ലാസ് കപ്പുകൾ ഉപയോഗിക്കുന്നത് ഉപയോക്താക്കൾ അടിയന്തരമായി നിർത്തണമെന്ന് സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം നിർദേശിച്ചു. ഈ ഉൽപന്നം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.2024, 2025 വർഷങ്ങളിൽ വിപണിയിലെത്തിയ 220 മില്ലി ലിറ്റർ കപ്പുകളെക്കുറിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ഗ്ലാസുകളുടെ പുറംഭാഗത്തെ പ്രിന്റുകളിൽ ഈയം, കാഡ്മിയം എന്നിവയുടെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് പരിശോധനകളിൽ കണ്ടെത്തി. ഇത് ഉപയോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടാക്കിയേക്കാം.ഈ ഗ്ലാസുകൾ കൈവശമുള്ളവർ അവ ഒട്ടും വൈകാതെ നശിപ്പിച്ചു കളയണമെന്നും യാതൊരു കാരണവശാലും തുടർന്ന് ഉപയോഗിക്കരുതെന്നും അധികൃതർ അറിയിച്ചു. വിപണിയിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരം മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, ഉപയോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമലംഘനം നടത്തുന്ന ഉൽപന്നങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നത് തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
