ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് യുഎഇ; രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനം

  1. Home
  2. Global Malayali

ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് യുഎഇ; രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനം

uae


 

ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഇറാഖിലെ കുർദിസ്താൻ മേഖല എന്നിവിടങ്ങൾക്കു നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎഇ കടുത്ത ഭാഷയിൽ അപലപിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്.സൗഹൃദ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഇറാഖ്, കുർദിസ്താൻ മേഖലയിലെ പ്രാദേശിക സർക്കാർ എന്നിവയോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യുഎഇ വ്യക്തമാക്കി. ഈ രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു.യുഎഇക്ക് നേർക്കുണ്ടായ ഇറാന്റെ അധിനിവേശ ശ്രമങ്ങളെയും ആക്രമണങ്ങളെയും അറബ് ആഭ്യന്തരമന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടറിയേറ്റ് കടുത്ത ഭാഷയിൽ അപലപിച്ചു. ഇത് രാജ്യാന്തര നിയമങ്ങളുടെയും നല്ല അയൽപക്ക ബന്ധങ്ങളുടെയും ലംഘനമാണെന്ന് സെക്രട്ടറി ജനറൽ വ്യക്തമാക്കി.

യുഎഇയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അറബ് ആഭ്യന്തരമന്ത്രിമാരുടെ കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നും വ്യക്തമാക്കപ്പെട്ടു. സൗദി അറേബ്യൻ ടാങ്കറിന് നേരെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ നടത്തിയ ആക്രമണത്തെ ജോർദാനും അപലപിച്ചു. സമുദ്രപാതകളുടെ സുരക്ഷയ്ക്കും കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുന്ന നടപടിയാണ് ഇറാനിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ജോർദാൻ ചൂണ്ടിക്കാട്ടി.