വ്യാപാരവും ചരക്കുനീക്കവും ശക്തമാക്കാൻ യുഎഇ, സൈപ്രസ് ധാരണ
ഊർജം, വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ്, ഇരട്ടനികുതി ഒഴിവാക്കൽ തുടങ്ങിയ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ യുഎഇയും സൈപ്രസും കരാർ ഒപ്പിട്ടു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സൈപ്രസ് സന്ദർശനത്തിലാണ് സുപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും കൈകോർത്തത്.
പ്രകൃതിവാതകം, സൗരോർജം, കാറ്റ് ഉൾപ്പെടെ പുനരുപയോഗ ഊർജ സ്രോതസ്സുകൾ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കും. സംയുക്ത പദ്ധതികൾക്കും ആലോചനയുണ്ട്. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗളിഡെസുമായി ഷെയ്ഖ് മുഹമ്മദ് നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.സൈപ്രസിലെ ടൂറിസം മേഖലയിൽ പ്രത്യേകിച്ച് ഹോട്ടൽ, റിസോർട്ട് നിർമാണത്തിൽ യുഎഇ നിക്ഷേപകർക്കുള്ള താൽപര്യവും അറിയിച്ചു.
ഉഭയകക്ഷി വ്യാപാരം സുഗമമാക്കാനും സാമ്പത്തിക സേവനങ്ങൾ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും ധാരണയായി. തുറമുഖ വികസനം, ചരക്കു നീക്കം തുടങ്ങിയ ലോജിസ്റ്റിക്സ് മേഖലകളിലും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്തു.
ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഒപ്പുവച്ചതിലൂടെ യുഎഇ, സൈപ്രസ് കമ്പനികൾ തമ്മിലുള്ള നിക്ഷേപ സഹകരണം ശക്തമാക്കാൻ സഹായിക്കും. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഒപ്പുവച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ചരക്കുനീക്കവും ശക്തമാക്കും. യുഎഇയ്ക്കും സൈപ്രസിനുമിടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാനും ധാരണയായി.
