യു.എ.ഇ ഡ്രൈവിംഗ് ലൈസൻസിന് ഇനി 34 രാജ്യങ്ങളിൽ അംഗീകാരം; പുതിയ ലിസ്റ്റ് പുറത്തുവിട്ട് മന്ത്രാലയം

  1. Home
  2. Global Malayali

യു.എ.ഇ ഡ്രൈവിംഗ് ലൈസൻസിന് ഇനി 34 രാജ്യങ്ങളിൽ അംഗീകാരം; പുതിയ ലിസ്റ്റ് പുറത്തുവിട്ട് മന്ത്രാലയം

driving


 

യു.എ.ഇ ഡ്രൈവിംഗ് ലൈസൻസിന്റെ ആഗോള സ്വീകാര്യത ഉയർത്തിക്കൊണ്ട്, ഇനിമുതൽ ലോകത്തിലെ 34 വിദേശ രാജ്യങ്ങളിൽ യു.എ.ഇ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാനോ അല്ലെങ്കിൽ അതാത് രാജ്യങ്ങളിലെ പ്രാദേശിക ലൈസൻസിലേക്ക് മാറ്റിയെടുക്കാനോ സാധിക്കുമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ 'മർഖൂസ്' എന്ന പദ്ധതിക്ക് കീഴിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നത്.

പുതിയ വിവരങ്ങൾ പ്രകാരം, ലിസ്റ്റിലുള്ള 34 രാജ്യങ്ങളിൽ താമസമാക്കുന്ന യു.എ.ഇ പൗരന്മാർക്ക് പരീക്ഷകളോ മറ്റ് വലിയ നടപടിക്രമങ്ങളോ ഇല്ലാതെ തങ്ങളുടെ ലൈസൻസ് അവിടുത്തെ ലോക്കൽ ലൈസൻസാക്കി മാറ്റാം. ഇതിൽ 33 രാജ്യങ്ങളിൽ സന്ദർശകരായി എത്തുന്നവർക്ക് അന്താരാഷ്ട്ര ലൈസൻസ് പോലുമില്ലാതെ യു.എ.ഇ ലൈസൻസ് മാത്രം ഉപയോഗിച്ച് നേരിട്ട് വാഹനമോടിക്കാനും നിയമപരമായ അനുമതിയുണ്ട്.

അംഗീകാരമുള്ള പ്രധാന രാജ്യങ്ങൾ:
യുണൈറ്റഡ് കിംഗ്ഡം , നെതർലൻഡ്‌സ്, ഓസ്ട്രിയ, പോളണ്ട്, ഡെന്മാർക്ക്, ഫിൻലൻഡ്, പോർച്ചുഗൽ, ഗ്രീസ്, ചൈന, സൈപ്രസ്, ഹംഗറി, എസ്തോണിയ, അൽബേനിയ, യുക്രെയ്ൻ, ബൾഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ, സെർബിയ, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്‌ലൻഡ്, മോണ്ടിനെഗ്രോ, ഇസ്രായേൽ, അസർബൈജാൻ, ബെലാറസ്, ഉസ്ബെക്കിസ്ഥാൻ, ക്രൊയേഷ്യ, നോർത്ത് മാസിഡോണിയ, കൊസോവോ, കിർഗിസ്ഥാൻ എന്നിവയും അമേരിക്കയിലെ ടെക്സസ് സംസ്ഥാനവുമാണ് ഈ പട്ടികയിലുള്ളത്.

(ശ്രദ്ധിക്കുക: സൗത്ത് കൊറിയയിൽ റെസിഡൻസി സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ യു.എ.ഇ ലൈസൻസ് എക്സ്ചേഞ്ച് ചെയ്യാൻ അനുമതിയുള്ളൂ).

തിരിച്ച് യു.എ.ഇയിലേക്കും നേട്ടം:
ഇതേ പദ്ധതിയുടെ ഭാഗമായി ലോകത്തിലെ 53 രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് കൈവശമുള്ളവർക്ക് യു.എ.ഇയിൽ റെസിഡൻസി ലഭിക്കുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റുകൾ ഇല്ലാതെ തന്നെ യു.എ.ഇ ലൈസൻസിലേക്ക് മാറാൻ സാധിക്കും. കൂടാതെ, ഇതിൽ 52 രാജ്യങ്ങളിൽ നിന്നുള്ള വിസിറ്റർമാർക്ക് യു.എ.ഇയിൽ സന്ദർശന വേളയിൽ തങ്ങളുടെ രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാനും സാധിക്കുന്നതാണ്.

യു.എ.ഇയുടെ ഡ്രൈവർ പരിശീലന രംഗത്തെ മികച്ച നിലവാരവും കർശനമായ റോഡ് സുരക്ഷാ മാനദണ്ഡങ്ങളും അന്താരാഷ്ട്രതലത്തിൽ എത്രത്തോളം വിശ്വസനീയമാണെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ നേട്ടം. വിദേശങ്ങളിൽ പഠനത്തിനായും ജോലിക്കായും യാത്ര ചെയ്യുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വലിയ സാമ്പത്തിക-സമയ ലാഭമാണ് ഇത് വഴി ലഭിക്കുക.