ഈദ് അൽ ഇത്തിഹാദിന് ഒരുങ്ങി യുഎഇ

  1. Home
  2. Global Malayali

ഈദ് അൽ ഇത്തിഹാദിന് ഒരുങ്ങി യുഎഇ

uae


 

ആകാശത്ത് വ്യോമാഭ്യാസങ്ങളും ഡ്രോൺ പ്രദർശനങ്ങളും വെടിക്കെട്ടും. താഴെ വർണാഭമായ പരേഡുകളും പാരമ്പര്യ കലാപരിപാടികളും. യുഎഇയുടെ 55ാമത് ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് രാജ്യത്തുടനീളം ഒരുക്കം തുടങ്ങി. എമിറേറ്റുകളുടെ ഐക്യത്തിന് ഡിസംബർ രണ്ടിന് 55 വയസ്സ് തികയുമ്പോൾ ദുബായ്, അബുദാബി,ഷാർജ എന്നിവിടങ്ങളിലായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
2026 കുടുംബവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുടുംബബന്ധങ്ങൾക്കും കൂട്ടായ്മയ്ക്കും ഇത്തവണത്തെ ആഘോഷങ്ങളിൽ പ്രത്യേക പ്രാധാന്യമുണ്ട്. ‘കുടുംബങ്ങളുടെ കുടുംബം’ എന്ന സന്ദേശത്തിലാണ് പരിപാടികൾ. ദേശീയ ദിനത്തിന്റെ ചരിത്രവും ഐക്യത്തിന്റെ സന്ദേശവും പുതുതലമുറയിലേക്ക് എത്തിക്കുന്ന പാരമ്പര്യ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമാണ്.

യുഎഇ വ്യോമസേനയുടെ അക്രോബാറ്റിക്സ് സംഘമായ ഫുർസാൻ അൽ ഇത്തിഹാദ് 29ന് ദുബായ് കൈറ്റ് ബീച്ചിൽ വ്യോമാഭ്യാസം നടത്തും. ഏഴ് വ്യോമസേനാ വിമാനങ്ങൾ അണിനിരക്കുന്ന പ്രദർശനത്തിൽ ആകാശത്ത് വിസ്മയക്കാഴ്ചകളൊരുക്കും.

ഡിസംബർ 2, 3 തീയതികളിൽ ദുബായ് ഗ്ലോബൽ വില്ലേജിലും ഡ്രോൺ ഷോ അരങ്ങേറും. രാത്രി എട്ടിനാണ് പ്രദർശനം. ഇമാറാത്തി പാരമ്പര്യ കലാപരിപാടികൾക്കും ഭക്ഷണശാലകൾക്കും ഷോപ്പിങ്ങിനും ഗ്ലോബൽ വില്ലേജിൽ അവസരമുണ്ടാകും. ആഗോളഗ്രാമത്തിൽ ഇന്നു മുതൽ വെടിക്കെട്ടും പുനരാരംഭിക്കും.