യുഎഇ-ഇന്ത്യ സ്റ്റാർട്ടപ്പ് സീരീസ് 2.0; അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് യുഎഇ വഴി ആഗോളതലത്തിലേക്ക് വളരാൻ സുവർണ്ണാവസരമൊരുങ്ങുന്നു. 'യുഎഇ-ഇന്ത്യ സ്റ്റാർട്ടപ്പ് സീരീസ് 2.0' എന്ന വൻകിട പദ്ധതിയിലേക്ക് ഔദ്യോഗികമായി അപേക്ഷകൾ ക്ഷണിച്ചു. യുഎഇ-ഇന്ത്യ സെപ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ഉഭയകക്ഷി സ്റ്റാർട്ടപ്പ് സംരംഭമാണിത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്റ്റാർട്ടപ്പുകളെ അബുദാബിയിലെ പ്രമുഖ ടെക് ഹബ്ബായ 'ഹബ്71' വഴിയാണ് അന്താരാഷ്ട്ര വിപണിയിലേക്ക് ഉയർത്തുക. അപേക്ഷ സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്റ്റാർട്ടപ്പിന് 2.5 ലക്ഷം ദിർഹം ക്യാഷ് പ്രൈസായും, അത്ര തന്നെ തുകയുടെ ഇതര സേവന ആനുകൂല്യങ്ങളും ഉൾപ്പെടെ ആകെ 5 ലക്ഷം യുഎഇ ദിർഹം ലഭിക്കും. ഹെൽത്ത് ടെക്, ഫിൻടെക്, ക്ലൈമറ്റ് ടെക്, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് തുടങ്ങിയ പുതിയ സാങ്കേതിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കാണ് ഇതിൽ മുൻഗണന.യോഗ്യതയുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി 2026 ആഗസ്റ്റ് 30 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
