ആഗോള എഐ സൂചികയിൽ വൻ കുതിപ്പുമായി യുഎഇ; മധ്യപൂർവ്വ രാജ്യങ്ങളിലും ഒന്നാമത്
ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂചികയിൽ ലോകത്തെ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഇടംപിടിച്ചു. എഐ മേഖലയിലെ നിക്ഷേപം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ രാജ്യം കൈവരിച്ച കുതിച്ചുചാട്ടമാണ് ഈ നേട്ടത്തിലേക്കു യുഎഇയെ നയിച്ചത്. സ്റ്റാൻഫോർഡ് സർവകലാശാല പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് യുഎഇയുടെ നിർണായക മുന്നേറ്റം വ്യക്തമാക്കുന്നത്. മധ്യപൂർവ്വ രാജ്യങ്ങളിൽനിന്നും ഈ പട്ടികയിൽ ഒന്നാമതെത്തിയതും യുഎഇയാണ്.മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ലോകോത്തര നിലവാരത്തിലുള്ള ഗവേഷണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ആഗോളതലത്തിൽ തന്നെ എഐ ഗവേഷണങ്ങളിൽ യുഎഇയുടെ പങ്കാളിത്തം വർധിച്ചു. എഐ സാങ്കേതികവിദ്യയുടെ വികസനത്തിനായി കോടിക്കണക്കിന് ദിർഹത്തിന്റെ നിക്ഷേപമാണ് യുഎഇ സർക്കാർ നടത്തുന്നത്. ലോകത്തെ ആദ്യത്തെ എഐ മന്ത്രാലയം സ്ഥാപിച്ച രാജ്യം എന്ന നിലയിലുള്ള മുൻതൂക്കം ഇതിന് സഹായകമായി.
അബുദാബി ആസ്ഥാനമായുള്ള എഐ കമ്പനിയായ ജി42, മൈക്രോസോഫ്റ്റ് പോലുള്ള ആഗോള ഭീമന്മാരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന്റെ നിർമിത ബുദ്ധി അടിസ്ഥാന സൗകര്യ വികസനത്തെ ലോക നിലവാരത്തിലേക്ക് ഉയർത്തി. സുരക്ഷിത എഐ ഉപയോഗത്തിനായി വ്യക്തമായ നിയമങ്ങളും നയങ്ങളും രൂപീകരിച്ച ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. ഇതു നിക്ഷേപകർക്ക് രാജ്യത്തുള്ള വിശ്വാസം വർധിപ്പിച്ചു.
