ഇലക്ട്രിക് വാഹനങ്ങളിൽ കുതിപ്പുമായി യുഎഇ; കഴിഞ്ഞ വർഷം വിറ്റതില് 9 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്

  1. Home
  2. Global Malayali

ഇലക്ട്രിക് വാഹനങ്ങളിൽ കുതിപ്പുമായി യുഎഇ; കഴിഞ്ഞ വർഷം വിറ്റതില് 9 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്

driving


 

യുഎഇ റോഡുകളിൽ വൈദ്യുതി കാറുകളുടെ സാന്നിധ്യം കൂടുന്നു. കഴിഞ്ഞ വർഷം രാജ്യത്തു വിറ്റ പുതിയ കാറുകളിൽ 9 ശതമാനത്തോളം ഇലക്ട്രിക് വാഹനങ്ങളായിരുന്നു. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണവും അതിവേഗം വർധിച്ചുവരുന്നു. 2025ലെ വാഹന വിൽപനയിൽ ബാറ്ററി ഉപയോഗിച്ച് മാത്രം ഓടുന്ന ഇലക്ട്രിക് കാറുകൾ 6 മുതൽ 8 ശതമാനം വരെ വരും. ഇന്ധനത്തിലും വൈദ്യുതിയിലും ഓടുന്ന ഹൈബ്രിഡ് വാഹനങ്ങൾ ഏകദേശം 2.5 ശതമാനവും.രാജ്യത്തെ ഇവി ചാർജിങ് ശൃംഖലയിൽ ഏകദേശം 2,800 പോയിന്റുകളുണ്ട്. ഇതിൽ 1,250 എണ്ണം വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളും 350 എണ്ണം അതിലും ഉയർന്ന ശേഷിയുള്ള അതിവേഗ ചാർജിങ് യൂണിറ്റുകളുമാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിൽ യുഎഇ ഗൾഫ് രാജ്യങ്ങളിൽ മുന്നിലെത്തിയതായും ആർതർ ഡി. ലിറ്റിലിന്റെ ഗ്ലോബൽ ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

31 വിപണികളെ വിലയിരുത്തിയ പട്ടികയിൽ 53 പോയിന്റുമായി യുഎഇ ലോകത്ത് 22ാം സ്ഥാനത്തും ജിസിസിയിൽ ഒന്നാം സ്ഥാനത്തുമാണ്. വൈദ്യുതി വാഹനങ്ങളുടെ എണ്ണം കൂട്ടുക മാത്രമല്ല, ചാർജിങ് സൗകര്യം, വാഹനങ്ങളുടെ ലഭ്യത, സർക്കാർ നയങ്ങൾ, വാഹന ഉടമകളുടെ ലാഭം എന്നിവ മെച്ചപ്പെടുമ്പോഴാണ് വൈദ്യുതി വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാകുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2050 ആകുമ്പോഴേക്കും രാജ്യത്തെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വിഹിതം 50 ശതമാനമാക്കുകയാണ് ലക്ഷ്യം. 2030ൽ വൈദ്യുതി വാഹനങ്ങളുടെ വിഹിതം 15 ശതമാനത്തിലധികമാക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാകുന്നത് നഗരങ്ങളിലെ വായുമലിനീകരണവും കുറയ്ക്കും.