യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി സുരക്ഷാ പരിശീലനം
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി സുരക്ഷാ പരിശീലനം നടത്തുന്നു. 'എക്സസൈസ് ഇത്തിഹാദ് 55' എന്ന പേരിൽ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി രാജ്യത്തെ ഏഴ് എമിറേറ്റുകളിലും വിവിധ സുരക്ഷാ സേനാ വിഭാഗങ്ങളുടെ വാഹനങ്ങളും ഉദ്യോഗസ്ഥരും നിരത്തിലിറങ്ങും.വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് സുരക്ഷാ ഡ്രിൽ സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനം നടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങൾ തടിച്ചുകൂടരുതെന്നും സുരക്ഷാ സേനയുടെ വാഹനങ്ങൾക്ക് തടസ്സമില്ലാതെ വഴി നൽകണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. കൂടാതെ പരിശീലന ദൃശ്യങ്ങൾ പകർത്തുന്നതിനും സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നതിനും കർശന വിലക്കുണ്ട്.
പരിശീലനത്തിന്റെ ഭാഗമായി എമിറേറ്റുകളിലുടനീളം സുരക്ഷാ സേനകളുടെ നീക്കം ഉണ്ടാകുമെന്നതിനാൽ വാഹനമോടിക്കുന്നവരും താമസക്കാരും ജാഗ്രത പാലിക്കണം. എന്നാൽ പരിശീലനം നടക്കുന്ന കൃത്യമായ സ്ഥലങ്ങളോ സമയമോ സമയദൈർഘ്യമോ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
