യുഎഇ ദേശീയദിനം: അൽവത്ബയിൽ 5 ദിവസത്തെ ആഘോഷം, വിസ്മയം തീര്‍ക്കാൻ 5000 ഡ്രോണുകൾ

  1. Home
  2. Global Malayali

യുഎഇ ദേശീയദിനം: അൽവത്ബയിൽ 5 ദിവസത്തെ ആഘോഷം, വിസ്മയം തീര്‍ക്കാൻ 5000 ഡ്രോണുകൾ

uae


 

5000 ഡ്രോണുകൾ ആകാശത്ത് വിസ്മയക്കാഴ്ച തീർക്കും. സംഗീതത്തിനൊപ്പമുള്ള വെടിക്കെട്ടും ആഘോഷത്തിനു മാറ്റുകൂട്ടും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ വിപുലമായ പരിപാടികൾ അരങ്ങേറും.ഡിസംബർ രണ്ടിന് സന്ദർശകരിൽ ഒരാൾക്ക് കാറും സമ്മാനമായി ലഭിക്കും. യുഎഇയുടെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന ‘യൂണിയൻ സ്പെക്ടക്കിൾ’ എന്ന പ്രധാന കലാപരിപാടിയിൽ 960ലേറെ കലാകാരന്മാരും മറ്റു പങ്കാളികളും അണിനിരക്കും.

അഞ്ചു ഭാഗങ്ങളായുള്ള പരിപാടിയിൽ ഇമറാത്തി പൈതൃകവും വിവിധ രാജ്യങ്ങളിലെ കലാരൂപങ്ങളും ലേസർ, വെളിച്ചവിസ്മയം, യുഎഇ ഫൗണ്ടൻ എന്നിവയും ഒത്തുചേരും. യുഎഇയുടെ ദേശീയപതാകയുടെ നിറങ്ങളിൽ അലങ്കരിച്ച 10 കുതിരകളും 15 ഒട്ടകങ്ങളും അണിനിരക്കുന്ന ‘യൂണിയൻ കാരവൻ’ ഘോഷയാത്രയും ആഘോഷത്തിന്റെ ഭാഗമാണ്.

പരമ്പരാഗത ഇമറാത്തി കുടുംബങ്ങളുടെ യാത്രാ രീതിയെ ഓർമിപ്പിക്കുന്ന ഘോഷയാത്രയിൽ കുതിരകൾക്കും ഒട്ടകങ്ങൾക്കും പഴയകാല ജീവിതത്തിലുണ്ടായിരുന്ന പ്രാധാന്യവും അവതരിപ്പിക്കും. കുട്ടികൾക്കുള്ള പരിപാടികളും ‘യൂണിയൻ ലാന്റേൺ പരേഡും’ ഉണ്ടാകും. അഞ്ചു ദിവസവും നറുക്കെടുപ്പുകളിലൂടെ സ്മാർട്ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിമാനടിക്കറ്റുകൾ, ഹോട്ടൽ താമസം, ഷോപ്പിങ് വൗച്ചറുകൾ, വിഐപി പാക്കേജുകൾ തുടങ്ങിയ സമ്മാനങ്ങളും നൽകും. തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് വിലക്കിഴിവുണ്ടാകും.