പ്രളയക്കെടുതിയിൽ നേപ്പാളിന് താങ്ങായി യുഎഇ; 148 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി
അതിർത്തികളും ഭൂഖണ്ഡങ്ങളും കടന്ന് യുഎഇയുടെ കാരുണ്യഹസ്തം 190ലേറെ രാജ്യങ്ങളിലേക്ക്. അഞ്ചു പതിറ്റാണ്ടിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യുഎഇ നൽകിയ വിദേശ സഹായത്തിന്റെ മൂല്യം 9506 കോടി ഡോളർ കടന്നു. രാജ്യാന്തര ചാരിറ്റി ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട കണക്കുകളാണ് യുഎഇയുടെ ആഗോള ജീവകാരുണ്യ പ്രവർത്തനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നത്.യുദ്ധവും ദുരന്തവും പട്ടിണിയും രോഗബാധയും നേരിടുന്ന രാജ്യങ്ങളിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനൊപ്പം, വിദ്യാഭ്യാസം, ആരോഗ്യം,ശുദ്ധജലം, പാർപ്പിടം, പുനർനിർമാണം തുടങ്ങിയ ദീർഘകാല പദ്ധതികളിലേക്കും സഹായം വ്യാപിപ്പിക്കുകയാണ്. ഗാസ മുതൽ സുഡാൻ വരെയും ഭൂകമ്പം ബാധിച്ച സിറിയ, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും യുഎഇയുടെ സഹായം എത്തി. ദുരിതാശ്വാസത്തിൽ ഒതുങ്ങാതെ, പ്രതിസന്ധിയിൽനിന്ന് സമൂഹങ്ങളെ കരകയറ്റി സ്വയംപര്യാപ്തതയിലേക്കെത്തിക്കുക എന്ന സമീപനമാണ് യുഎഇയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പ്രത്യേകത.
