മൂന്ന് മാസത്തിനുള്ളിൽ 110 വെബ്‌സൈറ്റുകൾ പൂട്ടിച്ച് യുഎഇ
ലഹരിക്കടത്ത് സംഘങ്ങളുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ട് തകർക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളും രാജ്യാന്തര സഹകരണവും പ്രയോജനപ്പെടുത്തി ദുബായ് പൊലീസ്. ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്സിന്റെ ഈ വർഷത്തെ ആദ്യ പാദത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ലഹരി വിരുദ്ധ പോരാട്ടത്തിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ഷംസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, ലഹരിക്കടത്ത് ശൃംഖലകളെ തകർക്കുന്നതിൽ സേന കൈവരിച്ച നേട്ടങ്ങൾ അവലോകനം ചെയ്തു. നിർമിത ബുദ്ധി (എഐ) ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്താനും പ്രതിരോധിക്കാനും സാധിക്കുന്നത് സുരക്ഷാ രംഗത്ത് വലിയ മുന്നേറ്റമാണ് നൽകുന്നത്. ദുബായ് പൊലീസിന്റെ ജാഗ്രതയെ കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അഭിനന്ദിച്ചു.
ലഹരിമരുന്ന് പ്രചരിപ്പിച്ചിരുന്ന 110 വെബ്‌സൈറ്റുകളാണ് ആദ്യ മൂന്ന് മാസത്തിനുള്ളിൽ പൊലീസ് കണ്ടെത്തി ബ്ലോക്ക് ചെയ്തത്. കൂടാതെ, മറ്റ് രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി 90 രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പങ്കുവച്ചതിലൂടെ വിദേശരാജ്യങ്ങളിലും ഒട്ടേറെ പ്രതികളെ പിടികൂടാൻ സാധിച്ചു. ആഭ്യന്തരമായി നടത്തിയ ആറ് സവിശേഷ ഓപറേഷനുകളിലൂടെ വിതരണ ശൃംഖലയിലെ പ്രധാനികളെ അറസ്റ്റ് ചെയ്യാനും വൻതോതിൽ ലഹരിമരുന്ന് പിടിച്ചെടുക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ലോകത്തെ ഏറ്റവും മികച്ച നഗരമെന്ന ദുബായിയുടെ സ്ഥാനം നിലനിർത്താൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ അറിയിച്ചു.
