ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ
പശ്ചിമേഷ്യയിൽ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും പിടിമുറുക്കാനുള്ള ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള 'നിയന്ത്രിത സമുദ്രമേഖല' പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും 'പകൽക്കിനാവ്' മാത്രമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാൻ നേരിട്ട വ്യക്തമായ സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും മേഖലയിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്ന് അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു.‘അറബ് മേഖലയിൽ പതിറ്റാണ്ടുകളായി ഇറാൻ നടത്തുന്ന ഭീഷണികൾ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. ഒരു വശത്ത് ആക്രമണോത്സുകമായ പ്രസംഗങ്ങളും മറുഭാഗത്ത് സൗഹൃദത്തിന്‍റെ പൊള്ളയായ പ്രഖ്യാപനങ്ങളും കാരണം അവർക്ക് വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടു. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനോ യുഎഇയുടെ സമുദ്ര പരമാധികാരത്തിന്മേൽ കടന്നുകയറാനോ ഉള്ള ഇറാന്റെ ശ്രമങ്ങൾ വെറും പകൽക്കിനാവാണ്. അറബ് അയൽരാജ്യങ്ങളുമായി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ മുറിവേറ്റ വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കണം. അത് മുദ്രാവാക്യങ്ങളിലൂടെയല്ല, മറിച്ച് പരമാധികാരത്തെ ബഹുമാനിച്ചും നല്ല അയൽപക്ക ബന്ധം പുലർത്തിയുമാണ് ചെയ്യേണ്ടത്’ - ഡോ. അൻവർ ഗർഗാഷ് കുറിച്ചു.
