സമഗ്രമായ സാമ്പത്തിക സംവിധാനമായി മാറി യു.എ.ഇ ബഹിരാകാശ മേഖല

  1. Home
  2. Global Malayali

സമഗ്രമായ സാമ്പത്തിക സംവിധാനമായി മാറി യു.എ.ഇ ബഹിരാകാശ മേഖല

s


 

ശാസ്ത്ര ഗവേഷണങ്ങള്‍ക്കും ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കും അപ്പുറത്തേക്ക് വളര്‍ന്ന്, സമഗ്രമായ സാമ്പത്തിക സംവിധാനമായി യു.എ.ഇ ബഹിരാകാശ മേഖല മാറിയതായി പുതിയ റിപ്പോര്‍ട്ട്. സാമ്പത്തിക മൂല്യവർധന 60 ശതമാനമായി ഉയര്‍ത്തുക, ബഹിരാകാശ സമ്പദ് വ്യവസ്ഥയുടെ വരുമാനം ഇരട്ടിയാക്കുക, ദേശീയ കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും എണ്ണം ഇരട്ടിയാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ ദേശീയ കാഴ്ചപ്പാടിലൂടെ നടപ്പാക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 29ന് യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച ‘ദേശീയ ബഹിരാകാശ നയം 2031’ ഈ മേഖലയെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നു. മുന്‍കാല പദ്ധതികളുടെ ഫലമായി 30 ഉപഗ്രഹങ്ങള്‍ വികസിപ്പിച്ചെടുത്തപ്പോള്‍, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 170 കവിഞ്ഞു. സ്‌പേസ്42ന്‍റെ ഫോര്‍സൈറ്റ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ഉപഗ്രഹങ്ങള്‍ (ഫോര്‍സൈറ്റ്-3, 4, 5) പൂര്‍ണ പ്രവര്‍ത്തനക്ഷമതയിലെത്തി. അബൂദബിയില്‍ സംയോജനം പൂര്‍ത്തിയാക്കിയ ഇവ ഉയര്‍ന്ന റെസല്യൂഷനിലുള്ള ജിയോസ്‌പേഷ്യല്‍ ഇന്‍റലിജന്‍സ് നല്‍കുന്നു. എ.ഐ പ്ലാറ്റ്ഫോമായ ജി.ഐ.ക്യു അടിയന്തര പ്രതികരണ സമയം 90 ശതമാനം വരെയും മെയിന്‍റനന്‍സ് ചെലവ് 30 ശതമാനം വരെയും കുറക്കുന്നു.
ഗവേഷണ-വികസന മേഖലക്കായി മെയ് മാസത്തില്‍ 100 കോടി ദിര്‍ഹമിന്‍റെ അന്താരാഷ്ട്ര ബഹിരാകാശ സഹകരണ പദ്ധതിക്ക് തുടക്കമിട്ടു. ഫ്രാന്‍സില്‍ അൽതായർ-നെക്സ്റ്റ് ജെന്‍ വികസിപ്പിക്കുന്നതിനായി മാര്‍ലന്‍ സ്‌പേസും ലോഫ്റ്റ് ഓര്‍ബിറ്റലും ചേര്‍ന്ന് 100 കോടി ഡോളറിന്‍റെ കണ്‍സോര്‍ഷ്യം പ്രഖ്യാപിച്ചു. ഇതിന്‍റെ ഉപഗ്രഹങ്ങള്‍ അബൂദബിയിലാണ് നിർമിക്കുന്നത്. ഭൗമ ശൃംഖലകളുടെ പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്ക് കവറേജ് വ്യാപിപ്പിക്കാന്‍ സ്‌പേസ് 42ഉം വയസാറ്റും ചേര്‍ന്ന് ഇക്വറ്റിസ് പ്ലാറ്റ്ഫോമിനായി 100 കോടി ഡോളര്‍ വരെ വാഗ്ദാനം ചെയ്യുന്ന കരാറിലും ഒപ്പുവെച്ചു. മരുഭൂമിയിലെ പക്ഷി സംരക്ഷണം, കാട്ടുതീ നിരീക്ഷണം (മീര ഏറോസ്‌പേസ്), നാവിഗേഷന്‍ സിഗ്‌നല്‍ പരീക്ഷണം (ലിയോനാവ്-1) തുടങ്ങിയ വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്.