എണ്ണയിതര സമ്പദ്‌വ്യവസ്ഥയിൽ മുന്നേറ്റം കൈവരിച്ച് യുഎഇ

  1. Home
  2. Global Malayali

എണ്ണയിതര സമ്പദ്‌വ്യവസ്ഥയിൽ മുന്നേറ്റം കൈവരിച്ച് യുഎഇ

uae flag day


എണ്ണയിതര സമ്പദ്‌വ്യവസ്ഥയിൽ മികച്ച മുന്നേറ്റം കൈവരിച്ച് യുഎഇ. എസ് ആൻഡ് പി ഗ്ലോബൽ പുറത്തുവിട്ട സർവേ പ്രകാരം കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന ബിസിനസ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ ബിസിനസ് ഓർഡറുകളിൽ കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും വേഗമേറിയ വർധന രേഖപ്പെടുത്തി. പ്രധാനമായും റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ എന്നീ മേഖലകളാണ് ഈ വളർച്ചയ്ക്ക് കരുത്തുപകർന്നത്.വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കമ്പനികൾ ഉൽപാദനം കൂട്ടുകയും സാധനങ്ങൾ വൻതോതിൽ വാങ്ങി ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ ആറര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പർച്ചേസിങ് നിരക്കാണിത്.

കമ്പനികൾ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള തൊഴിൽ വളർച്ചയാണ് യുഎഇയിൽ രേഖപ്പെടുത്തിയത്.

വിനോദസഞ്ചാര കേന്ദ്രമായ ദുബായിലും സമാനമായ കുതിപ്പ് ദൃശ്യമാണ്. ഈ വർഷം യുഎഇയുടെ സാമ്പത്തിക വളർച്ച 5.2% ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ഇതര മേഖലകളിലെ ശക്തമായ പ്രകടനം ഈ വർഷം ‌മുഴുവൻ തുടരുമെന്ന് ബിസിനസ് സ്ഥാപനങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.