ഇനി 18 തികഞ്ഞാൽ പ്രായപൂർത്തി: യുഎഇ സിവിൽ നിയമങ്ങളിൽ വൻ പരിഷ്കാരം

  1. Home
  2. Global Malayali

ഇനി 18 തികഞ്ഞാൽ പ്രായപൂർത്തി: യുഎഇ സിവിൽ നിയമങ്ങളിൽ വൻ പരിഷ്കാരം

uae flag day


യുഎഇയിൽ പ്രായപൂർത്തിയാകുന്നതിനുള്ള പ്രായപരിധി കുറച്ചുകൊണ്ട് സിവിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരം നിലവിൽ വന്നു. നേരത്തെ ചന്ദ്രവർഷം കണക്കാക്കി 21 വയസ്സായിരുന്ന പ്രായപരിധി, ഇനി മുതൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 18 വയസ്സായിരിക്കും. രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുന്നതിനും രജ്യാന്തര നിയമവ്യവസ്ഥകൾക്ക് അനുസൃതമായി ഗതാഗത-തൊഴിൽ നിയമങ്ങളിൽ ഏകീകരണം കൊണ്ടുവരുന്നതിനുമാണ് ഈ സുപ്രധാന നീക്കം. ഇതോടെ 18 വയസ്സ് തികയുന്നവർക്ക് നിയമപരമായി പൂർണ ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറാൻ സാധിക്കും.
സാമ്പത്തിക രംഗത്തും യുവാക്കൾക്ക് വലിയ ഇളവുകളാണ് പുതിയ നിയമം വാഗ്ദാനം ചെയ്യുന്നത്. ബിസിനസ് കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യുന്നതിനായി കോടതിയുടെ അനുമതി തേടാനുള്ള പ്രായം 15 വയസ്സായി കുറച്ചു. സംരംഭകത്വ മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കാൻ ഇത് സഹായകമാകും. കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപ് സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിബന്ധന കർശനമാക്കിയതിലൂടെ വഞ്ചനകൾ ഒഴിവാക്കാനും വ്യക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും നിയമം ലക്ഷ്യമിടുന്നു.