ഇ-സ്കൂട്ടർ നിയമം കടുപ്പിക്കാൻ യുഎഇ; വീഴ്ച വരുത്തിയാൽ രക്ഷിതാക്കൾക്കെതിരെ നിയമനടപടി
യുഎഇയിൽ ഇ-സ്കൂട്ടർ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ കർശനമാക്കാൻ അധികൃതർ ഒരുങ്ങുന്നു. കുട്ടികൾ സുരക്ഷിതമല്ലാത്ത രീതിയിൽ ഇ-സ്കൂട്ടർ ഓടിക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങൾക്ക് രക്ഷിതാക്കളെ നിയമപരമായി ഉത്തരവാദികളാക്കുന്ന കരട് നിയമത്തിനാണ് രൂപം നൽകുന്നത്. വർധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദുബായ് പൊലീസിന്റെ ഈ നീക്കം.കുട്ടികൾ പൊതുനിരത്തുകളിലും നിരോധിത മേഖലകളിലും അമിതവേഗത്തിൽ ഇ-സ്കൂട്ടർ ഓടിക്കുന്നത് തടയാൻ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് ദുബായ് പൊലീസ് ഓപറേഷൻസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി. സ്പീഡ് ഗവേണറുകളിൽ മാറ്റം വരുത്തി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ സ്കൂട്ടറുകൾ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. പഠനത്തിൽ മികവ് പുലർത്തിയതിന് മകൾക്ക് സമ്മാനമായി നൽകിയ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് പിതാവിനെതിരെ നിയമനടപടി സ്വീകരിച്ച സംഭവം അധികൃതർ ഓർമിപ്പിച്ചു.
∙ റജിസ്ട്രേഷനും നമ്പർ പ്ലേറ്റും വരുന്നു
റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (ആർടിഎ) സഹകരിച്ച് നടപ്പിലാക്കുന്ന പുതിയ നിയമപ്രകാരം എല്ലാ ഇ-സ്കൂട്ടറുകൾക്കും റജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധമാക്കും. ഇ-സ്കൂട്ടറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും അപകടമുണ്ടാക്കുന്ന വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയാനും ഇത് സഹായിക്കും. വെറുമൊരു വിനോദോപാധി എന്നതിലുപരി ഇ-സ്കൂട്ടറുകൾ പലപ്പോഴും ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം.
കണക്കുകൾ പ്രകാരം 2024-ൽ ദുബായിൽ മാത്രം 254 ഇ-സ്കൂട്ടർ, സൈക്കിൾ അപകടങ്ങളിലായി 10 പേർ മരിക്കുകയും 259 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2025-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ മരണസംഖ്യ 13 ആയി ഉയർന്നു എന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. അപകടസാധ്യത കണക്കിലെടുത്ത് ദുബായിലെ പ്രമുഖ വിദ്യാലയങ്ങൾ ക്യാംപസിനുള്ളിൽ ഇ-സ്കൂട്ടറുകൾക്ക് ഇതിനകം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂട്ടർ ഓടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
