രണ്ട് കീടനാശിനി ഉൽപന്നങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കാൻ യുഎഇ

  1. Home
  2. Global Malayali

രണ്ട് കീടനാശിനി ഉൽപന്നങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കാൻ യുഎഇ

s


യുഎഇ വിപണിയിൽ വിൽപന നടത്തിവന്നിരുന്ന രണ്ട് കീടനാശിനി ഉൽപന്നങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കാൻ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ഉത്തരവിട്ടു. ഉപയോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെയും വിപണിയിലെ ഉൽപന്നങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നടപടി. സിത്ര എന്ന കമ്പനി ഉത്പാദിപ്പിക്കുന്ന ‘ഗുഡ്ബൈ ഓൾ ഇൻസെക്റ്റ്സ് മാക്സ് കിൽസ് ഇൻ വൺ സ്പ്രേ’, ‘ഗുഡ്ബൈ ഓൾ ഇൻസെക്റ്റ്സ് സ്പ്രേ’ എന്നീ രണ്ട് ഉൽപന്നങ്ങളാണ് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിൽ റജിസ്റ്റർ ചെയ്യാതെ നിയമലംഘനം നടത്തിയാണ് ഇവ വിപണിയിലെത്തിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തിരിച്ചുവിളിച്ച ഉൽപന്നങ്ങളിൽ ഒന്നിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ‘ഡി-ട്രാൻസ് അല്ലെത്രിൻ’ എന്ന നിരോധിത ഘടകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് അധികൃതരെ അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചത്. ഉപയോക്താക്കൾക്കുണ്ടാകാൻ ഇടയുള്ള ആരോഗ്യപരമായ സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഇത് ഉടനടി വിപണിയിൽ നിന്ന് മാറ്റാൻ നിർദേശിക്കുകയായിരുന്നു.

ഇതിനുപുറമേ, ഈ ഉൽപന്നങ്ങളിലെ സജീവ ചേരുവകളുടെ അളവിൽ രാജ്യാന്തര മാനദണ്ഡങ്ങൾക്ക് നിരക്കാത്ത തരത്തിലുള്ള വ്യതിയാനങ്ങൾ ഉള്ളതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. രാജ്യത്തെ വിവിധ നിയന്ത്രണ ഏജൻസികളുമായി സഹകരിച്ച് വിപണിയിൽ നിന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഈ ഉൽപന്നങ്ങൾ പൂർണമായി നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു.

ഈ കീടനാശിനികൾ വാങ്ങിയവർ അവ ഉപയോഗിക്കുന്നത് ഉടനടി നിർത്തണമെന്നും ഇവയുടെ വാങ്ങലോ വിൽപനയോ വിതരണമോ നടത്തരുതെന്നും പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ഓർമിപ്പിച്ചു.