ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകും -ജി.സി.സി സെക്രട്ടറി ജനറൽ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. ജി.സി.സി ആഭ്യന്തര മന്ത്രാലയങ്ങളിലെ പാസ്പോർട്ട് വകുപ്പ് മേധാവികളുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏകീകൃത വിസ സംരംഭത്തെ യാഥാർഥ്യത്തിലേക്ക് അടുപ്പിക്കാൻ സഹായിച്ച കൂട്ടായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ ആറ് ജി.സി.സി രാജ്യങ്ങളിലൂടെ സുഗമമായ യാത്ര സാധ്യമാക്കുന്ന തരത്തിൽ, പ്രാദേശിക ടൂറിസത്തിന് നിർണായക നാഴികക്കല്ലായി ഈ തന്ത്രപരമായ നീക്കം കണക്കാക്കപ്പെടുന്നു.
ഷെങ്കൻ മാതൃകയിലുള്ള ടൂറിസ്റ്റ് വിസ ഔദ്യോഗികമായി അംഗീകരിച്ചുവെന്നും ഉടൻ തന്നെ ഇത് പുറത്തിറക്കുമെന്ന് കഴിഞ്ഞ മാസത്തിന്റെ ആദ്യത്തിൽ യു.എ. ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയും അറിയിച്ചിരുന്നു.
അതേസമയം, ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കുമെന്ന് കഴിഞ്ഞവർഷം ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങി ആറ് രാജ്യങ്ങളിലെ താമസക്കാർക്കും പൗരന്മാർക്കും 30 ദിവസത്തിലധികം യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസ 'ജി.സി.സി ഗ്രാൻഡ് ടൂർസ്' എന്ന് പേരിലായിരിക്കും അറിയുക.
മൾട്ടി എൻട്രി അനുവദിക്കുന്നതായിരിക്കും വിസ. വിസ പ്രാബല്ല്യത്തിൽ വരുന്നതോടെ ജി.സി.സി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ കൂടുതൽ ആകർഷിക്കും. ഗൾഫ് രാജ്യങ്ങൾ വലിയ ടൂറിസ്റ്റ് ഓപറേറ്റർമാരുമായും കമ്പനികളുമായും ചേർന്ന് മുഴുവൻ പ്രദേശത്തിനും അനുഗുണമായ പാക്കേജുകൾ പുറത്തിറക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സുരക്ഷയും സാങ്കേതികവുമായ ആശങ്കകൾ കാരണം ശ്രദ്ധാപൂർവ്വം പരിഗണിച്ചായിരിക്കും ഇവ നടപ്പിൽ വരികയെന്നും അധികൃതർ വ്യക്തമാക്കി.
ജി.സി.സി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്തുപകരുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ആഭ്യന്തരമന്ത്രിമാർ 2023 നവംബറിലാണ് അംഗീകാരം നൽകിയത്. മസ്‌കത്തിൽ ചേർന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
ചെങ്കൻ വിസ മോഡലിൽ ഒരു വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജി.സി.സി പൗരന്മാർക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാൻ കഴിയും. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രജ്യത്തേക്കും പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളുടെ വിസകൾ ആവശ്യമാണ്.
വിസ നടപ്പാക്കുന്നതിനുമുമ്പ് ചില നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് സംബന്ധമായ കാര്യങ്ങളിൽ വരും ദിവസങ്ങളിലെ വ്യക്തത വരികയുള്ളു. ജി.സി.സി രാജ്യങ്ങളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം മൊത്തം വിനോദ സഞ്ചാരികളുടെ 29.7 ശതമാനമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2021നേക്കാൾ 98.8 ശതമാനം വർധനവ് കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്.
2023 -30 കാലത്തെ ഗൾഫ് ടൂറിസം നയം അനുസരിച്ച് 2030 വരെ ഓരോ വർഷവും വിനോദ റഞ്ചാരികളുടെ എണ്ണത്തിൽ ഏഴ് ശതമാനം വർധന ആവശ്യമാണ്. വിനോദ സഞ്ചാരികൾ ചെലവഴിക്കുന്നത് എട്ട് ശതമാനമായും ജി.സി.സി പൗരന്മാരും താമസക്കാരും ചെലവഴിക്കുന്നത് 2.4 ശതമാനമായും ഉയരണം. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സഹകരണവും വിനോദ സഞ്ചാര വികസന പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും, ഇതിനാൽ പൊതു പദ്ധതികൾ സമയ ബന്ധിതമായിനടപ്പാക്കണമെന്നും നേരത്തെ നടന്ന വിനോദ സഞ്ചാര മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു.