യുഎഇയിലെ സർവകലാശാലകളും തുറന്നു
യുഎഇയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന്( 20) മുതൽ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങി. സുരക്ഷാ ക്രമീകരണങ്ങളും ക്യാംപസുകളുടെ സജ്ജീകരണവും പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ക്ലാസുകൾ ആരംഭിക്കുന്നത്. എന്നാൽ ഓരോ സർവകലാശാലകളും നിലവിലെ സാഹചര്യം കണക്കിലെടുത്ത് വ്യത്യസ്തമായ രീതികളാണ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയിൽ അധ്യാപകരും ജീവനക്കാരും ഇന്നു മുതൽ ക്യാംപസിൽ തിരിച്ചെത്തി. എന്നാൽ വിദ്യാർഥികൾക്ക് സ്പ്രിങ് സെമസ്റ്റർ അവസാനിക്കുന്നത് വരെ ക്ലാസുകളും അസൈൻമെന്റുകളും ഓൺലൈൻ വഴി തന്നെയായിരിക്കും. യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ വിദ്യാർഥികളും ജീവനക്കാരും ഇന്ന് മുതൽ നേരിട്ടുള്ള ക്ലാസുകളിലേക്ക് മടങ്ങും. എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും സാധാരണ നിലയിലായിരിക്കും. ദുബായ് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ പഠനം നിലവിൽ ഓൺലൈൻ വഴി തുടരും. ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കൂ. റാസൽഖൈമയിലെ ജയ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഇന്ന് മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവർത്തനം. ആവശ്യമെങ്കിൽ ഓൺലൈൻ പഠനത്തിലേക്ക് മാറാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദുബായ് മണിപ്പാൽ അക്കാദമിയിൽ ഹൈബ്രിഡ് രീതിയിൽ (ഓൺലൈൻ - ഓഫ്‌ലൈൻ) ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങി. 27 മുതൽ പൂർണതോതിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.
വിദേശത്തുള്ള വിദ്യാർഥികൾക്കും ജീവനക്കാർക്കും മടങ്ങിയെത്താൻ ആവശ്യമായ ഇളവുകളും സർവകലാശാലകൾ നൽകുന്നുണ്ട്. ലാബ് സംബന്ധമായ പ്രായോഗിക പഠനത്തിന് മുൻഗണന നൽകിക്കൊണ്ട് വിദ്യാർഥികൾ ക്യാംപസുകളിലേക്ക് തിരിച്ചെത്തണമെന്നാണ് അധികൃതരുടെ നിർദേശം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് ഓൺലൈൻ അല്ലെങ്കിൽ ഹൈബ്രിഡ് രീതികൾ തുടരാമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
